തിരുവനന്തപുരം > കരമന വാണിയംമൂല വിളയിൽ വീട്ടിൽ കുടുംബം തിരക്കിലാണ്. തിരുവോണനാളിൽ പുലർച്ചെയുള്ള ചടങ്ങിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള ഓണവില്ലിന്റെ അവസാന മിനുക്കുപണിയിലാണ് കുടുംബത്തിലെ അംഗങ്ങൾ. തികഞ്ഞ അഭിമാനത്തോടെയാണ് കുടുംബത്തിലെ ഓരോ അംഗവും നിർമാണത്തിൽ പങ്കാളിയാകുന്നത്. ആർ ബിൻകുമാർ ആചാരി, സഹോദരങ്ങളായ സുദർശൻ ആചാരി, ഉമേഷ് ആചാരി, സുലഭൻ ആചാരി, അനന്തപത്മനാഭൻ, ശിവ പാർവതി എന്നിവരാണ് നിർമാണത്തിനു പിന്നിൽ.
വലിയ സന്തോഷത്തിലാണ് ഓണവില്ല് നിർമിക്കുന്നതെന്ന് വില്ല് സമർപ്പണ കാരണവർ ആർ ബിൻകുമാർ ആചാരി പറയുന്നു. മഞ്ഞക്കടമ്പ്, മഹാഗണി വൃക്ഷങ്ങളുടെ തടിയിലാണ് നിർമാണം. പഞ്ചവർണങ്ങളിലാണ് ചിത്രപ്പണി. വെള്ളമണ്ണ്, ചെമ്മണ്ണ്, കരിപ്പൊടി, മഞ്ഞൾപ്പൊടി തുടങ്ങിയ പ്രകൃതിദത്ത നിറങ്ങളും ഉപയോഗിക്കുന്നു. ആറുജോഡി വില്ലുകളിൽ ഏറ്റവും വലുത് നാലര അടി നീളത്തിലുള്ള അനന്തശയന ചിത്രീകരണമാണ്.
നാലടിയിൽ ദശാവതാരം, ശ്രീരാമ പട്ടാഭിഷേകം, ശാസ്താവ് എന്നിവയും ചിത്രീകരിക്കും. മൂന്നര അടിയിൽ ശ്രീകൃഷ്ണ ലീല, വിനായകൻ എന്നിവയുമുണ്ടാകും. വില്ല് അലങ്കരിക്കുന്നതിനുള്ള കുഞ്ചലം തിരുവനന്തപുരം സെൻട്രൽ ജയിൽ അന്തേവാസികളാണ് ഒരുക്കുന്നത്. തിരുവോണനാളില് പുലര്ച്ചെ അഞ്ചിന് മുമ്പായി അലങ്കരിച്ച വാഹനത്തിൽ ഓണവില്ല് ക്ഷേത്രത്തിലെത്തിക്കും. ഓണവില്ലിന് 2011ല് ട്രേഡ് മാര്ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിലെത്തുന്ന മഹാബലിക്ക് വിഷ്ണുവിന്റെ അവതാരങ്ങളെ വരച്ചുകാട്ടാനാണ് ഓണവില്ലെന്നതാണ് വിശ്വാസം.