ഗാസ സിറ്റി > പത്ത് ദിവസത്തെ ആക്രമണത്തിന് ശേഷം വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽനിന്ന് പിൻമാറിയെങ്കിലും ഗാസയിലാകെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. രണ്ട് ദിവസത്തിനിടെ 61 പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 162 പേർക്ക് പരിക്കേറ്റു. ഇസ്രയേൽ ആക്രമണം തുടങ്ങിയശേഷം ആകെ മരിച്ചവരുടെ എണ്ണം 40,939 ആയി. നുസെയ്റത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു.
പോഷകാഹാരക്കുറവ് മൂലം ഖാൻ യൂനിസിൽ ഒരു കുഞ്ഞ് മരിച്ചതായും റിപ്പോർടുണ്ട്. പോഷകാഹാരക്കുറവ് മൂലം ഗാസയിൽ മരിച്ച കുട്ടികളുടെ എണ്ണം 37 ആയി. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് മേഖലകളിൽ പോളിയോ വാക്സിൻ വിതരണം തുടരുകയാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.
യുഎസ് പ്രക്ഷോഭകയുടെ വധം അന്വേഷിക്കണമെന്ന് യുഎന്
അധിനിവേശ വെസ്റ്റ്ബാങ്കിൽ വെള്ളിയാഴ്ച പ്രതിഷേധത്തിനിടെ അമേരിക്കക്കാരിയായ ഐസനൂർ എസ്ഗി ഐഗി (26)യെ ഇസ്രയേൽ സൈന്യം വെടിവച്ച് കൊന്ന സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. സാഹചര്യങ്ങളെക്കുറിച്ചുള്ള പൂർണമായ അന്വേഷണമാണ് ആഗ്രഹിക്കുന്നതെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു. അന്വേഷണം വേണമെന്ന് വൈറ്റ് ഹൗസും ആവശ്യപ്പെട്ടു. ഇസ്രയേൽ നടപടി കാട്ടാളത്തമാണെന്ന് തുർക്കിയെ പ്രസിഡന്റ് റജിബ് തയിപ് എർദോഗാന് പ്രതികരിച്ചു.
പലസ്തീന്കാരെ പുറത്താക്കി ഇസ്രയേൽ പൗരൻമാരെ വെസ്റ്റ്ബാങ്കിൽ താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ വെള്ളിയാഴ്ച നാബ്ലസിൽ പ്രതിഷേധം സംഘടിപ്പിച്ചവർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. പലസ്തീനെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര ഐക്യദാർഢ്യ സംഘടന (ഐഎസ്എം)യുടെ പ്രക്ഷോഭത്തിൽ പങ്കെടുക്കവെയാണ് ഐസനൂർ കൊല്ലപ്പെട്ടത്. തലയിലാണ് വെടിയേറ്റത്.