പട്ന> രാജ്യത്ത് വീണ്ടും ആൾക്കൂട്ടക്കൊല. ബീഹാറിലെ ബെഗുസരായ് ജില്ലയിൽ ആട് മോഷ്ടാക്കളെന്ന് സംശയിച്ച് വെള്ളിയാഴ്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ബിർപൂർ ഗ്രാമത്തിലെ മോഹിത് കുമാർ (24) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് രാഹുൽ കുമാർ പാസ്വാൻ (25) ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.ബെഗുസാരായി ജില്ലയിലെ ഭവാനന്ദപൂർ ഗ്രാമവാസിയായ മനോജ് പാസ്വാന്റെ ആടിനെ മോഷ്ടിച്ച ശേഷം രക്ഷപ്പെടുന്നതിനിടെയാണ് സംഭവം. രക്ഷപ്പെടുന്നതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്ക് റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ആൾക്കൂട്ടം ഇവരെ മർദ്ദിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
ജനക്കൂട്ടം ഇരുവരെയും മരത്തിൽ നിന്ന് കെട്ടിയിട്ട് ലാത്തി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് മർദ്ദിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.
രാഹുലും മോഹിത്തും യാത്ര ചെയ്യവേ റോഡ് മുറിച്ചുകടന്ന ഒരു ആട് പെട്ടന്ന് ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങിയതായിരുന്നു. ഇതോടെ ആട് മോഷ്ടാക്കളാണെന്ന് സംശയിച്ച ജനക്കൂട്ടം ഇവരെ മർദിക്കുകയായിരുന്നു എന്ന് മരിച്ച മോഹിത്തിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മരിച്ച മോഹിത്തിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. സംഘർഷത്തെ തുടർന്ന് ഗ്രാമത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കി.
നിയമം കൈയിലെടുത്ത ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആരും രക്ഷപ്പെടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ ഉത്തരേന്ത്യയിൽ നാലാമത്തെ ആൾക്കൂട്ട ആക്രമണമാണിത്.