കൊച്ചി > ആല്ബനിസം അവബോധത്തിന്റെ ഭാഗമായി അയനിക സൊസൈറ്റി കൊച്ചി മെട്രോയുമായി സഹകരിച്ച് ആല്ബനിസം സൗഹൃദ യാത്രയൊരുക്കി. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനില് നിന്ന് ലോക്നാഥ് ബെഹ്റ (മാനേജിംഗ് ഡയറക്ടർ കൊച്ചി മെട്രോ ലിമിറ്റഡ്), ഡോ. എം പി രാം നവാസ് (ഡയറക്ടർ പ്രൊജക്റ്റ്സ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്), സുമി നടരാജൻ (ജോയിന്റ് ജനറൽ മാനേജർ പിആർഎൻ പബ്ലിസിറ്റി വിഭാഗം) എന്നിവരുടെ സാന്നിധ്യത്തില് ‘ആല്ബനിസം സൗഹൃദ മെട്രോ’ ക്ക് തുടക്കം കുറിച്ചു.
ശരീരവും മുടിയും നന്നെ വെളുത്തും കണ്ണ് നീലയോ ബ്രൗണോ തവിട്ട് നിറത്തിലോ ആകുന്ന അവസ്ഥയെയാണ് ആല്ബനിസം. ശരീരത്തിന് നിറം നല്കുന്ന മെലാനിന്റെ കുറവുമൂലമുണ്ടാകുന്ന ശാരീരിക അവസ്ഥയാണിത്. ആൽബനിസം ബാധിച്ചവർക്ക് സൂര്യവെളിച്ചത്തില് നോക്കുന്നതിന് പ്രയാസമുണ്ടാകാറുണ്ട്.
ആല്ബനിസം ബാധിച്ച ഇന്സാഫ്, ജീവന്, ശരത്, സ്വാതി അവരുടെ കുടുംബാംഗങ്ങള് എന്നിവർ യാത്രയിൽ പങ്കെടുത്തു. ഇവരോടൊപ്പം അയനിക സൊസൈറ്റി അംഗങ്ങളും ഉണ്ടായിരുന്നു. പൊതുസമൂഹത്തില് ആല്ബനിസം അവബോധവും സൗഹൃദാന്തരീക്ഷവുമൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് അയനിക.