ന്യൂഡൽഹി > ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയില്‍വേയിലെ ജോലി രാജിവച്ചു. ജോലി രാജിവച്ച കാര്യം വിനേഷ് ഫോഗട്ട് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഇന്ത്യൻ റെയിൽവെയിൽ സേവനമനുഷ്ഠിക്കാൻ സാധിച്ചത് ജീവിതത്തിലെ വിലപ്പെട്ട കാര്യമാണെന്ന് വിനേഷ് എക്സിൽ കുറിച്ചു. ജീവിതത്തിന്റെ ഈ നിർണായക ഘട്ടത്തിൽ റെയിൽവേയിലെ ജോലി രാജിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. രാജിക്കത്ത് അധികൃതര്‍ക്ക് കൈമാറി. എനിക്ക് അവസരം നല്‍കിയതിന് ഇന്ത്യന്‍ റെയില്‍വേ കുടുംബത്തോട് എപ്പോഴും കടപ്പെട്ടിരിക്കും- വിനേഷ് എക്സില്‍ കുറിച്ചു.
രാജിവച്ചതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് വച്ച് വിനേഷും ഗുസ്തി താരം ബജ്റംഗ് പൂനിയയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ ഇരുവരും ഹരിയാനയിൽ നിന്ന് മത്സരിക്കുമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. മല്ലികാർജുൻ ഖാർഗെയും കെ സി വേണുഗോപാലിനെയും സന്ദർശിച്ച ശേഷമായിരുന്നു ഇരുവരും കോൺഗ്രസിൽ അംഗത്വമെടുത്തത്. രാഹുൽ ഗാന്ധിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.