ലക്നൗ> ഉത്തര്പ്രദേശിലെ അമറോഹയിലെ സ്വകാര്യ സ്കൂളില് മാംസഭക്ഷണം കൊണ്ടു വന്നുവെന്ന് ആരോപിച്ച് സ്കൂള് വിദ്യാര്ഥിയെ പുറത്താക്കി. കുട്ടിയുടെ അമ്മ ഷൂട്ട് ചെയ്ത വീഡിയോയിലൂടെ സംഭവം പുറംലോകമറിയുകയായിരുന്നു
സ്കൂള് പ്രിന്സിപ്പലും കുട്ടിയുടെ അമ്മയും തമ്മില് തര്ക്കിക്കുന്നതിന്റെ വീഡിയോയാണ് അവര് ഷൂട്ട് ചെയ്തത്. ഇത് പ്രചരിക്കുകയായിരുന്നു അതേസമയം, പ്രിന്സിപ്പലിന്റെ ആരോപണങ്ങള് നിഷേധിച്ച് കുട്ടിയുടെ രക്ഷിതാവ് രംഗത്തെത്തി.
മറ്റുള്ള രക്ഷിതാക്കളുടെ ആശങ്ക പരിഗണിച്ച് കുട്ടിയെ സ്കൂളില് നിന്ന് പുറത്താക്കുകയാണെന്ന് പ്രിന്സിപ്പല് അറിയിച്ചതായി കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. തന്റെ കുട്ടിയെ സ്കൂളിലെ മറ്റൊരു വിദ്യാര്ഥി അടിച്ചുവെന്നും ഇവര് ആരോപിച്ചിട്ടുണ്ട്.
ഇത്തരം കുട്ടികളെ തങ്ങള്ക്ക് പഠിപ്പിക്കണമെന്നില്ല. ഞങ്ങളുടെ ക്ഷേത്രങ്ങള് തകര്ത്തവര് ഇപ്പോള് മാംസഭക്ഷണം കൊണ്ടുവരുന്നു. ഇസ്ലാമിലേക്ക് മതം മാറ്റാനാണ് മാംസഭക്ഷണം കൊണ്ടു വരുന്നതെന്നാണ് മറ്റുള്ളവര് പറയുന്നതെന്നും പ്രിന്സിപ്പല് കുട്ടിയുടെ രക്ഷിതാവിനോട് പറയുന്നുണ്ട്. മാംസഭക്ഷണം കൊണ്ടുവന്നുവെന്നത് കുട്ടി സമ്മതിച്ചുവെങ്കിലും രക്ഷിതാവ് നിഷേധിക്കുകയാണ് ഉണ്ടായതെന്നും പ്രിന്സിപ്പല് ആരോപിച്ചു.
സംഭവം വിവാദമായതോടെ നടപടിയുമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. ജില്ലാ സ്കൂള് സൂപ്രണ്ട് വിവാദത്തില് അന്വേഷണം നടത്താന് മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു