ന്യൂഡൽഹി
ഡിജിറ്റൽ അഗ്രികൾച്ചറൽ മിഷന് (ഡിഎഎം) പരിഗണന നൽകി ഏഴ് പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കാർഷികമേഖലയെ കോർപറേറ്റ്വൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് അഖിലേന്ത്യാകിസാൻസഭ. രാജ്യത്തെ ബഹുഭൂരിപക്ഷം കർഷകരും ചെറുകിട, ഭൂരഹിത, പാട്ട കർഷകരാണ്. വൻകിട കോർപറേറ്റുകൾക്ക് പാവപ്പെട്ട കർഷകരെ ചൂഷണം ചെയ്യാൻ പുതിയ സംവിധാനങ്ങള് വഴിയൊരുക്കും. പുതിയ പദ്ധതികൾ കർഷകരുടെ രോഷാഗ്നി തണുപ്പിക്കാനുള്ള അടവാണ്. ഇത്തരം പദ്ധതികളെയും പ്രഖ്യാപനങ്ങളെയും കർഷകസമൂഹം ജാഗ്രതയോടെ വീക്ഷിക്കണമെന്നും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും വിശാലസഖ്യമുണ്ടാക്കി ചെറുത്തുതോൽപ്പിക്കണമെന്നും അഖിലേന്ത്യാകിസാൻ സഭ ആവശ്യപ്പെട്ടു.
കാർഷികമേഖലയിൽ പൊതുനിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളെടുക്കണം, ഉൽപ്പാദനചെലവിനൊപ്പം 50 ശതമാനവും കൂട്ടിച്ചേർത്തുള്ള മിനിമംതാങ്ങുവില ഉറപ്പാക്കണം, പ്രതിസന്ധിയിലായ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചാണ് കേന്ദ്രസർക്കാർ കർഷകരോടുള്ള വാക്ക് പാലിക്കേണ്ടതെന്നും അഖിലേന്ത്യകിസാൻസഭ ആവശ്യപ്പെട്ടു.