ന്യൂഡൽഹി
ദേവികുളം നിയമസഭാ മണ്ഡലത്തിൽനിന്നും എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരളാഹൈക്കോടതി വിധിക്കെതിരെ ചോദ്യങ്ങളുയർത്തി സുപ്രീംകോടതി. എ രാജയുടെ ജാതിസർട്ടിഫിക്കറ്റിന്റെ നിയമസാധുത സംബന്ധിച്ച വിഷയത്തിൽ വിശദമായ പരിശോധന നടന്നിട്ടില്ലെന്ന് ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ മൂന്നംഗബെഞ്ച് ചൂണ്ടിക്കാട്ടി. ജാതിസർട്ടിഫിക്കറ്റിന്റെ വിശ്വാസ്യതയും നിയമസാധുതയും സംബന്ധിച്ച് വാദങ്ങൾ കേൾക്കാതെ കേരളാഹൈക്കോടതി എങ്ങനെ ഉത്തരവിട്ടെന്ന് ജസ്റ്റിസ് അഹ്സനുദീൻ അമാനുള്ള, ജസ്റ്റിസ് അഗസ്റ്റിൻജോർജ് മാസിഹ് എന്നിവർകൂടി അംഗങ്ങളായ ബെഞ്ച് ചോദിച്ചു. ഈ വിഷയത്തിൽ വിശദ വാദംകേൾക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
എ രാജയുടെ തെരഞ്ഞെടുപ്പ് 2023 മാർച്ചിലാണ് ഹൈക്കോടതി റദ്ദാക്കിയത്. എതിർസ്ഥാനാർഥിയായ കോൺഗ്രസിലെ ഡി കുമാർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു നടപടി. ഇത് ചോദ്യം ചെയ്ത് എ രാജ നൽകിയ ഹർജി പരിഗണിച്ച സുപ്രീംകോടതി, തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. എ രാജയുടെ ഹർജിയിൽ ജാതിസർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള പ്രധാനപ്പെട്ട രേഖകളുടെ വിശ്വാസ്യതയെ എതിർഭാഗം ചോദ്യം ചെയ്തിട്ടില്ലെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവിൽ ഹൈക്കോടതി ജാതിസർട്ടിഫിക്കറ്റിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.