ന്യൂഡൽഹി
കോവിഡ് കാലത്ത് തൊഴിൽ നഷ്ടമായ മാധ്യമപ്രവർത്തകരിൽ 80 ശതമാനം പേരെയും മാനേജ്മെന്റ് നിർബന്ധിച്ച് രാജിവയ്പ്പിക്കുകയായിരുന്നുവെന്ന് പ്രസ്കൗൺസിൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. കോവിഡ് കാലത്ത് മാധ്യമമേഖലയിലുണ്ടായ പിരിച്ചുവിടലിനെക്കുറിച്ച് പഠിക്കാൻ പ്രസ് കൗൺസിൽ നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തൽ.
തൊഴിൽ നഷ്ടമായ മാധ്യമപ്രവർത്തകരെ കണ്ടാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. കോവിഡ് കാലത്ത് ഏതാണ്ട് 2500 മാധ്യമപ്രവർത്തകർക്കാണ് തൊഴിൽ നഷ്ടമായത്. 80 ശതമാനം പേരെയും നിർബന്ധിപ്പിച്ച് രാജിവയ്പ്പിക്കുകയായിരുന്നു. 17 മാധ്യമസ്ഥാപനങ്ങളിൽനിന്നായി 53 മാധ്യമപ്രവർത്തകരാണ് തൊഴിൽ നഷ്ടമായ സാഹചര്യം വിശദീകരിച്ചത്. ഇതിൽ 19 പേർ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരണങ്ങളിലും 14 പേർ എച്ച്ടി മീഡിയയിലും എട്ടുപേർ ദി ഹിന്ദു ഗ്രൂപ്പിലും ജോലി ചെയ്തിരുന്നവരാണ്.
ഹിന്ദി, മറാത്തി, ബംഗാളി മാധ്യമങ്ങളിൽനിന്നുള്ളവരും സമിതി മുമ്പാകെ എത്തി. തൊഴിൽ നഷ്ടമായവരിൽ 25 ശതമാനം പേർക്ക് മാത്രമാണ് പിരിച്ചുവിടൽ അറിയിച്ചുള്ള ഔദ്യോഗിക ഇമെയിൽ സ്ഥാപനത്തിൽനിന്ന് ലഭിച്ചത്. 75 ശതമാനം പേരെയും വാക്കാൽ പിരിച്ചുവിടുകയായിരുന്നു. മുൻകൂർ നോട്ടീസ് 80 ശതമാനം പേർക്കും കിട്ടിയിരുന്നില്ല. രാജിക്ക് സന്നദ്ധമല്ലെങ്കിൽ ആനുകൂല്യങ്ങൾ നിഷേധിക്കുമെന്ന ഭീഷണിയുമുണ്ടായി. രാജിവയ്ക്കാൻ വിസമ്മതിച്ചവരെ പുറത്താക്കി.