ബംഗളുരു
കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്ജുന ഖാര്‍ഗെയും മകനും മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെയും നടത്തുന്ന ട്രസ്റ്റിന് നിയമവിരുദ്ധമായി ഭൂമി അനുവദിച്ചെന്ന ആരോപണത്തിൽ കര്ണാടക സര്ക്കാരിനോട് വിശദീകരണം തേടി ഗവര്ണര് താവര്ചന്ദ് ഗെഹ്ലോട്ട്. ചീഫ് സെക്രട്ടറിക്കാണ് കത്ത് നൽകിയത്. ഇലക്ട്രോണിക്സ്, ഐടി മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ടി എൻ നാരായണസ്വാമി നൽകിയ പരാതിയിലാണ് നടപടി.
ട്രസ്റ്റിന് ബംഗളൂരു ഹൈടെക് ഡിഫെൻസ് എയ്റോസ്പേസ് പാര്ക്കില് പട്ടികജാതി ക്വാട്ടയിൽ 5 ഏക്കര് ഭൂമി കര്ണാടക ഇൻഡസ്ട്രിയില് ഏരിയ ഡെവല്പ്മന്റ് ബോര്ഡ് അനുവദിച്ചെന്നാണ് ആരോപണം. മല്ലികാര്ജുന ഖാര്‍ഗെ, ഭാര്യ രാധാഭായ്, മക്കളായ പ്രിയങ്ക ഖാര്‍ഗെ, രാഹുൽ ഖാര്‍ഗെ, എംപിയും മരുമകനുമായ രാധാകൃഷ്ണ ദൊഡ്ഡമണി എന്നിവരാണ് ട്രസ്റ്റികള്.