കൊച്ചി
രാജ്യത്തെ മാരിടൈം മേഖലയുടെ ഹബ്ബാകാൻ കേരളത്തെ സജ്ജമാക്കുന്ന പരിപാടികൾക്ക് രൂപംനൽകി മാരിടൈം ആൻഡ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിൾ കോൺക്ലേവ്. കെഎസ്ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച കോൺക്ലേവ് വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി.
കെഎസ്ഐഡിസി ചെയർമാൻ പോൾ ആന്റണി, എംഡി എസ് ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ തുടങ്ങിയർ സംസാരിച്ചു. രണ്ടു സെഷനുകളിലായി മേഖലയിലെ വിദഗ്ധരെ അണിനിരത്തിയായിരുന്നു കോൺക്ലേവ്. കേരളത്തിന്റെ സമുദ്രസാധ്യതകൾ എങ്ങനെ പൂർണമായി ഉപയോഗപ്പെടുത്താം എന്നതിൽ പാനൽ ചർച്ചയും നടന്നു. ഈ മേഖലയിൽ കേരളത്തിന് ഏറ്റവുമധികം സാധ്യതയുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ വ്യക്തമാക്കി.
വിനോദസഞ്ചാരത്തിനും ഗതാഗതത്തിനും കേരളത്തിന്റെ ബൃഹത്തായ ജലസാധ്യതകൾ ഉപയോഗപ്പെടുത്തണം. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ കേരളത്തിലുണ്ട്. ഇവിടേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയാൽ കേരളത്തിലെ മാരിടൈം മേഖലയ്ക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്നും അഭിപ്രായം ഉയർന്നു.
കെഎസ്ഐഎൻസി എംഡി ആർ ഗിരിജ, ടിവിഎസ് ഗ്ലോബൽ ഫ്രൈറ്റ് സൊല്യൂഷൻസ് ജിഎം എം എസ് ആർ കുമാർ, മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സിഇഒ ശ്രീകുമാർ കെ നായർ, സത്വ ലോജിസ്റ്റിക്സ് ഡയറക്ടർ പത്മനാഭൻ സന്താനം, സീഹോഴ്സ് ഗ്രൂപ്പ് റീജണൽ മാനേജർ പ്രകാശ് അയ്യർ, ട്രാൻസ് ഏഷ്യൻ ഷിപ്പിങ് സർവീസസ് എംഡി ജോൺസൺ മാത്യു കൊടിഞ്ഞൂർ എന്നിവർ വിഷയം അവതരിപ്പിച്ചു.
സംസ്ഥാന ലോജിസ്റ്റിക്സ് പാര്ക് നയം രണ്ടാഴ്ചയ്ക്കകം
സംസ്ഥാന സർക്കാരിന്റെ ലോജിസ്റ്റിക്സ് പാർക് നയം രണ്ടാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് വ്യവസായ-മന്ത്രി പി രാജീവ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ മാരിടൈം ക്ലസ്റ്റർ പദ്ധതിയിൽ കേരളത്തിന് മേൽക്കൈ നേടാൻ ഇത് സഹായിക്കും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെഎസ്ഐഡിസി) സംസ്ഥാന മാരിടൈം ക്ലസ്റ്ററിനും അതു ഗുണകരമാണെന്ന് മന്ത്രി പറഞ്ഞു. മാരിടൈം ആൻഡ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിൾ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാർച്ചിലാണ് ലോജിസ്റ്റിക്സ് പാർക് നയത്തിന്റെ കരട് പുറത്തിറക്കിയത്. ലോജിസ്റ്റിക്സ് പാർക്കുകൾക്ക് ഏഴുകോടി വരെ സബ്സിഡി നൽകാനും പാർക്കുകളെ വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നതുമടക്കം നിരവധി ശുപാർശകൾ നയത്തിലുണ്ട്. എല്ലാ പങ്കാളിത്ത മേഖലയിൽനിന്നും പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്. മന്ത്രിസഭയിൽ അവതരിപ്പിച്ചശേഷം പുതിയ നയം പ്രഖ്യാപിക്കും.കെഎസ്ഐഡിസിയുടെ സംസ്ഥാന മാരിടൈം ക്ലസ്റ്റർ അടുത്തവർഷം ചേർത്തലയിൽ പൂർണ സജ്ജമാകും. ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായമെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ മാരിടൈം ക്ലസ്റ്ററിൽ കേരളത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് മുഖ്യാതിഥിയായിരുന്ന കൊച്ചി കപ്പൽശാല സിഎംഡി മധു എസ് നായർ പറഞ്ഞു. വ്യവസായം വളരില്ലെന്ന അപഖ്യാതി കേരളത്തിന് മാറ്റിയെടുക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.