ബംഗളൂരു > കർണാടക പകർച്ചവ്യാധി നിയമപ്രകാരം ഡെങ്കിപ്പനിയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. പത്തുവർഷത്തിനിടയിൽ ഏറ്റവും വലിയ ഡെങ്ക്യു വ്യാപനമാണ് സംസ്ഥാനം നേരിടുന്നത്. കൊതുകുകൾ പെരുകുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിക്കാത്ത വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, കെട്ടിടനിർമാണ സൈറ്റുകൾ എന്നിവയ്ക്ക് പിഴ ഏർപ്പെടുത്തും.
24,500 ഡെങ്ക്യു കേസുകളാണ് ഈ വർഷം മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2023 നേക്കാൾ 5000 കേസുകളുടെ വർധനയാണ് ഇത്. കൂടുതൽപേരിലേക്ക് രോഗം വ്യാപിക്കാതെയും മരണനിരക്ക് വർധിക്കാതെയുമിരിക്കാൻ ഊർജ്ജിതമായ ശ്രമങ്ങളിലാണ് സർക്കാർ.
ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ക്കും മറ്റ് ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർക്കും വീടും പരിസരങ്ങളും പരിശോധിക്കാൻ അധികാരമുണ്ട്. കൊതുകുകൾ പെരുകുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത വീടുകൾക്ക് ഗ്രാമപ്രദേശത്ത് 200 രൂപയും നഗരങ്ങളിൽ 400 രൂപയും പിഴ നൽകണം. പൂച്ചട്ടികളിലും ബക്കറ്റുകളിലും പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് കുറ്റകരമാണ്.
ഓഫീസുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, മാളുകൾ, ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് ഗ്രാമപ്രദേശത്ത് 500 രൂപയും നഗരങ്ങളിൽ 1000 രൂപയുമാണ് പിഴ. വെള്ളം കെട്ടിനിൽക്കുന്ന കെട്ടിടനിർമാണ സ്ഥലങ്ങളിൽ ഗ്രാമപ്രദേശത്ത് 1000 രൂപയും നഹരങ്ങളിൽ 2000 രൂപയുമാണ് പിഴ.
ഈഡിസ് ഈജിപ്റ്റി വർഗ്ഗത്തിൽ പെടുന്ന കൊതുകുകളിൽ നിന്നുമാണ് ഡെങ്കിപ്പനി പകരുന്നത്. കടുത്ത പനിയും തലവേദനയും മസിൽ വേദനയും തടിപ്പുകളുമാണ് പ്രാഥമിക ലക്ഷണങ്ങൾ. മൺസൂൺ കാലത്താണ് പൊതുവേ ഡെങ്കി കേസുകൾ വർധിക്കുന്നത്.