ബംഗളൂരു
പ്രായപൂര്‍ത്തിയാകാത്ത മകളെ കർണാടക മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ പീഡിപ്പിച്ചെന്ന് പരാതിനല്‍കിയ സ്ത്രീയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമീഷൻ. സ്ത്രീയുടെ മരണത്തിലും സംസ്കാരത്തിലും ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബംഗളൂരു പൊലീസിനോട് റിപ്പോർട്ട് സമര്‍പ്പിക്കാനും വനിത കമീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി നിര്‍ദേശിച്ചു. 17കാരിയായ മകളെ ബംഗളൂരുവിലെ വസതിയില്‍വച്ച് യെദ്യൂരപ്പ പീഡിപ്പിച്ചതായി ഫെബ്രുവരിയിലാണ് സ്ത്രീ പരാതിപ്പെട്ടത്. മൂന്നുമാസത്തിനുശേഷം അവർ മരിച്ചു.
അര്‍ബുദബാധിതയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പെട്ടെന്നുള്ള മരണത്തിലും പോസ്റ്റുമോര്‍ട്ടം നടത്താതെ സംസ്കാരം നടത്തിയ പൊലീസ് നടപടിയിലും വ്യാപക പരാതിയുയര്‍ന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ത്രീയുടെ മകനും ചില സംഘടനകളും കമീഷന് പരാതി നല്കി. തുടര്‍ന്നാണ് റിപ്പോര്‍ട്ട് തേടി നാഗലക്ഷ്മി ചൗധരി ബംഗളൂരു പൊലീസ് കമീഷണര്‍ക്ക് കത്തയച്ചത്. യെദ്യൂരപ്പയ്ക്കെതിരായ പോക്സോ കേസിലെ അന്വേഷണം സിഐഡി വൈകിക്കുകയാണെന്ന് കാണിച്ച് കുട്ടിയുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.