കോട്ടയം> മുല്ലപ്പെരിയാറില് സമഗ്രസുരക്ഷാ പരിശോധന നടത്താന് തമിഴ്നാടിന് നിര്ദേശം നല്കിയ കേന്ദ്ര ജല കമ്മിറ്റിയുടെ തീരുമാനം കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്. കോട്ടയത്ത് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കാലങ്ങളായുള്ള കേരളത്തിന്റെ ആവശ്യമായിരുന്നു സുരക്ഷാപരിശോധന. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല് സുരക്ഷ എന്നിവ ഇതിന്റെ ഭാഗമായി വരും. 12 മാസത്തിനുള്ളില് പരിശോധന പൂര്ത്തിയാക്കി റിപ്പോര്ട്ട് സമര്പ്പിക്കാനാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
പുതുക്കിയ ഡാം ബ്രേക്ക് അനാലിസിന്റെ അടിസ്ഥാനത്തില് അണക്കെട്ടിന്റെ അടിയന്തിര കര്മ്മ പദ്ധതി സമയബന്ധിതമായി പൂര്ത്തീകരിക്കുവാന് മേല്നോട്ട സമിതി തമിഴ്നാടിന് നിര്ദ്ദേശം നല്കിയതും കേരളത്തിന് അനുകൂലമായ തീരുമാനമാണ്.
കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും എന്നതാണ് കേരളത്തിന്റെ നയം. തമിഴ്നാട്ടിലെ ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നാണ് സര്ക്കാരിന്റെ ആഗ്രഹം. ഇപ്പോള് ഉണ്ടായ തീരുമാനം മുന്നോട്ടുള്ള പ്രവര്ത്തനങ്ങളെ ഗുണപരമായി സ്വാധീനിക്കും.
കേരളത്തിലെ മാറിയ കാലാവസ്ഥാ സാഹചര്യവും മറ്റും സമിതിയെ ബോധ്യപ്പെടുത്തുന്നതില് നമ്മുടെ ഉദ്യോഗസ്ഥര് വിജയിച്ചു. ഇതിനു മുന്പ് 2011 ലാണ് ഇത്തരമൊരു പരിശോധന നടത്തിയത്. അതുകൂടി കണക്കിലെടുക്കുമ്പോള് കേരളത്തിന് അനുകൂലമായ ഈ തീരുമാനം ജനങ്ങള്ക്ക് ആശ്വസിക്കാന് വക നല്കുന്നതാണ്.
സ്വതന്ത്ര വിദഗ്ധന്മാര് ഉള്പ്പെടുന്ന സമിതിയാകും പരിശോധന നടത്തുക. 2021-ലെ ഡാം സുരക്ഷാനിയമ പ്രകാരം പരിശോധന 2026-ല് നടത്തിയാല് മതിയെന്ന തമിഴ്നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി തീരുമാനം എടുത്തത്. സുരക്ഷാ പരിശോധനകളില് ഏതെങ്കിലും ഒന്നില് സുരക്ഷിതത്വം കുറവുണ്ടെന്ന് കണ്ടെത്താന് സാധിച്ചാല് സുപ്രീംകോടതിയിലെ കേസില് കേരളത്തിന്റെ വാദത്തിന് ബലം നല്കുന്നതാകുമെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.