തിരുവനന്തപുരം
ക്രിക്കറ്റ് ലീഗിനായുള്ള മലയാളികളുടെ കാത്തിരിപ്പിന് വിരാമം. കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് പൂരം തിങ്കൾമുതൽ കാണാം. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി20 മത്സരങ്ങൾ 18 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ദിവസവും രണ്ടു മത്സരങ്ങൾ. രാത്രിയും പകലുമായി നടക്കുന്ന മത്സരങ്ങൾക്ക് പ്രവേശനം സൗജന്യം. ആറു ടീമുകളാണുള്ളത്.
തിങ്കൾ പകൽ 2.30ന് ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യമത്സരം. രാത്രി 7.45ന് ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്സും തമ്മിൽ ഏറ്റുമുട്ടും. തുടർന്നുള്ള ദിവസങ്ങളിൽ പകൽ 2.30നും വൈകിട്ട് 6.45നുമാണ് മത്സരങ്ങൾ. 17ന് സെമിയും 18ന് വൈകിട്ട് 6.45ന് ഫൈനലും നടക്കും. ജേതാക്കൾക്ക് 30 ലക്ഷം രൂപയാണ് സമ്മാനം.
ഏരീസ് കൊല്ലം സെയ്ലേഴ്സ്, കലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നിവയാണ് മറ്റു രണ്ടു ടീമുകൾ. ഉദ്ഘാടനച്ചടങ്ങുകൾ വൈകിട്ട് ആറിന്. ബ്രാൻഡ് അംബാസഡർകൂടിയായ നടൻ മോഹൻലാൽ, കായികമന്ത്രി വി അബ്ദുറഹിമാൻ, വനിതാ ക്രിക്കറ്റ് ഗുഡ്വിൽ അംബാസഡർ നടി കീർത്തി സുരേഷ് തുടങ്ങിയവർ പങ്കെടുക്കും. സ്റ്റാർ സ്പോർട്സ്1, ഫാൻകോഡ് എന്നിവയിൽ മത്സരങ്ങൾ തത്സമയം കാണാം.