ഇംഫാൽ
ഒരുവർഷത്തിൽ ഏറെയായി തുടരുന്ന വർഗീയ കലാപത്തിന് അറുതിയില്ലാത്ത മണിപ്പുരിൽ അക്രമികളുടെ വെടിയേറ്റ് സ്ത്രീയുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. പന്ത്രണ്ടുവയസുകാരിയും രണ്ടു പൊലീസുകാരും ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു. കാങ്പോക്പിയിലെ നക്കുജങ് ഗ്രാമത്തിൽ നിന്ന് ഇഫാംൽ വെസ്റ്റിലെ ഗ്രാമത്തിലേക്കാണ് വെടിവയ്പുണ്ടായത്. ഡ്രോൺ വഴി ഒരു വീടിന് മുകളിൽ ബോംബിട്ടതായും റിപ്പോര്‍ട്ടുണ്ട്.
കാങ്പോക്പി കുക്കി ഭൂരിപക്ഷ പ്രദേശവും ഇംഫാൽ വെസ്റ്റ് മെയ്ത്തി സ്വാധീനമേഖലയുമാണ്. കുക്കി തീവ്രവാദികളാണ് സ്ത്രീയെ വെടിവച്ചുകൊന്നതെന്ന് മെയ്ത്തി വിഭാഗം ആരോപിച്ചു. എന്നാൽ കാങ്പോക്പിയിലെ തങ്ങളുടെ ഗ്രാമത്തിലേക്കാണ് ആദ്യം വെടിവയ്പുണ്ടായതെന്നാണ് കുക്കികളുടെ വാദം.