തിരുവനന്തപുരം > സിമി റോസ്ബെല്‍ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. സ്വകാര്യ ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്നും അവരുടെ ഗുഡ് ബുക്കില്‍ ഇടംപിടിക്കാത്ത വനിതാപ്രവര്‍ത്തകരെ പരിഹസിച്ച് മാറ്റിനിര്‍ത്തുകയാണെന്നും സിമി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്
മുന്‍ എഐസിസി അംഗവും പിഎസ്സി അംഗവുമായിരുന്ന സിമി റോസ്ബെല്‍ ജോണിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി പുറത്താക്കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.
രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലേയും കെപിസിസി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് സംയുക്തമായി നല്കിയ പരാതിയില്‍ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
സിമി റോസ് ബെല്‍ ജോണിന്റെ പ്രവൃത്തി ഗുരുതര അച്ചടക്ക ലംഘനമാണെന്ന് പാര്‍ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെന്ന് നേതൃത്വം അറിയിച്ചു.