ന്യൂഡല്ഹി> പശുവിറച്ചി കഴിച്ചെന്നാരോപിച്ച് കുടിയേറ്റ തൊഴിലാളിയെ ആള്ക്കൂട്ടം ആക്രമിച്ച് കൊന്ന സംഭവത്തെ നിസാരവല്ക്കരിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. സംഭവത്തില് പ്രതികരണവുമായെത്തിയ മുഖ്യമന്ത്രി ഇത് ആള്ക്കൂട്ട കൊലപാതകമല്ലെന്നും ഹരിയാന അസംബ്ലി കര്ശനമായ പശു സംരക്ഷണ നിയമങ്ങള് നടപ്പാക്കിയിട്ടുണ്ടെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബംഗാളില് നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ആള്ക്കൂട്ടം അടിച്ച് കൊന്നത്.ഇത്തരം നിയമങ്ങള് ഉള്ളതിനാല് ഇത് ആള്ക്കൂട്ട കൊലപാതകമായി കണക്കാക്കാന് പറ്റില്ലെന്നാണ് നയാബിന്റെ വാദം.
‘ആള്ക്കൂട്ട കൊലപാതകം എന്ന് പറയുന്നത് ശരിയല്ല, കാരണം പശു സംരക്ഷണത്തിനായി നിയമസഭയില് കര്ശനമായ നിയമം ഉണ്ടാക്കിയിട്ടുണ്ട്, അതില് ഒരു വിട്ടുവീഴ്ചയുമില്ല. ഗ്രാമവാസികള്ക്ക് പശുക്കളോട് വളരെയധികം ബഹുമാനമുണ്ട്, അത്തരം കാര്യങ്ങളെക്കുറിച്ച് അവരെ അറിയിച്ചാല്, ആര്ക്കാണ് അവയെ തടയാന് കഴിയുക? ഇത്തരം സംഭവങ്ങള് ഉണ്ടാകരുത് ഈ സംഭവങ്ങള് ദൗര്ഭാഗ്യകരമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
പശ്ചിമ ബംഗാളില് നിന്നുള്ള തൊഴിലാളിയായ സാബിര് മാലിക്കിനെ ചാര്ഖി ദാദ്രി ജില്ലയില് പശു സംരക്ഷക സംഘത്തിലെ ഒരു കൂട്ടം ആളുകള് ആഗസ്റ്റ് 27 ന് മര്ദിച്ച് കൊന്നിരുന്നു. പ്രാദേശിക പശു സംരക്ഷണത്തിന് കീഴിലുള്ള ഗുരുതരമായ കുറ്റമാണ് മാലിക് ചെയ്തതെന്ന് സംഘം ആരോപിച്ചു. എന്നാല് മാലിക് ബീഫ് കഴിച്ചതിന് തെളിവുകള് ഒന്നും തന്നെ അവരുടെ പക്കല് ഉണ്ടായിരുന്നില്ല.