ഹൈദരാബാദ് > ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട്. ആന്ധ്രയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും എട്ട് പേർ മരിച്ചു. വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും പൊലീസും ചേർന്ന് 80 ഓളം ആളുകളെ രക്ഷപ്പെടുത്തി.
മണ്ണിടിച്ചിൽ ദുരിത ബാധിതർക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അടുത്ത് മൂന്ന് ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെലങ്കാനയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗ്രാമങ്ങൾ തമ്മിലുള്ള റോഡ് മാർഗം തടസപ്പെട്ടു. ജീവഹാനിയും സ്വത്തുക്കളും നഷ്ടപ്പെടുന്നത് തടയാൻ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വിജയവാഡ ഡിവിഷനിൽ 30 ട്രെയിനുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ തീരദേശ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.