ഡ നാങ് നഗരത്തിലൂടെയായിരുന്നു കടന്നുപൊയ്ക്കൊണ്ടിരുന്നത്. ശീതീകരിച്ച മിനി ടൂറിസ്റ്റ് ബസിൽ സുന്ദര, -വിശാല തീരദേശ റോഡിലൂടെ. ഒരു ഭാഗത്ത് നോക്കെത്താ ദൂരത്തേക്ക് തിരയടിച്ച് പരക്കുന്ന ദക്ഷിണ ചൈനാകടൽ. മറുഭാഗത്ത്, അംബരചുംബികളായ കെട്ടിട സമുച്ചയങ്ങൾ. ലോകോത്തര ബ്രാൻഡുകളായ ഐടി കമ്പനികൾ, ഹോട്ടലുകൾ, ലോജിസ്റ്റിക് കമ്പനികൾ, കൂറ്റൻ വ്യാപാര സ്ഥാപനങ്ങൾ.
കേൾവികേട്ട ഭക്ഷണ വിഭവങ്ങളിൽ ഏറ്റവും രുചികരമായവ വിളമ്പുന്ന ഹ്യൂ നഗരത്തിൽനിന്ന് മറ്റൊരു പുരാതന പട്ടണമായ ഹോയ് ആൻലേക്കായിരുന്നു യാത്ര. മലയും കരയും കടലും ചേർന്ന ഭൂപ്രകൃതി. റോഡരികിലെ വ്യാപാരസ്ഥാപനങ്ങളും വീടുകളും. വഴിവക്കിൽ സൊറ പറയുന്ന നാട്ടുകാർ. നിരത്തിലെ ഇരുചക്രവാഹന ബാഹുല്യം, ആകെയൊരു കേരള ‘ട്രെൻഡ്’!
കടലും അതിന്റെ ഓരത്തൊരു വൻകിട നഗരവുമായി രംഗം പെട്ടെന്ന് മാറുന്നു. മാധ്യമ പ്രവർത്തകരായ ഞങ്ങളുടെ സംഘം അത്ഭുതത്തോടെ ചുറ്റും നോക്കി. യാത്രാചാർട്ടിൽ ഇങ്ങനെയൊരു നഗരത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. അമേരിക്കയിലോ യൂറോപ്യൻ രാജ്യങ്ങളിലോ അല്ല, കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമിലൂടെയാണ് യാത്ര ചെയ്യുന്നതെന്ന് ഒരിക്കൽക്കൂടി എല്ലാവരുമോർത്തു.
സിലിക്കൺ വാലിയോ!
കൊച്ചിയിൽ നിന്നുള്ള വിയറ്റ് ജറ്റിന്റെ വിമാനത്തിലാണ് പുലർച്ചെ ഹോചിമിൻ സിറ്റിയിൽ ഇറങ്ങിയത്. അവിടെ നിന്ന് ഒപ്പം ചേർന്ന രസികനായ ഗൈഡ് ‘ങൂം’ എന്ന് വിളിപ്പേരുള്ള ങ്വെം സിതഡോങ്, ഡ നാങിന്റെ മനോഹാരിതയിൽ മതിമറന്നു. ബസിന്റെ മുൻസീറ്റിൽനിന്ന് എഴുന്നേറ്റുനിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു; ‘‘ഇതാണ് ഞങ്ങളുടെ സിംഗപ്പുർ, സിലിക്കൺ വാലി. 20 കൊല്ലം മുൻപ് ഇതൊരു മത്സ്യബന്ധന ഗ്രാമമായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും വേഗതയിൽ വളരുന്ന നഗരമാണിത്.’’ അപ്പോൾ വിഴിഞ്ഞത്തെക്കുറിച്ചായി ഞങ്ങളുടെ ചർച്ച. വലിയ ഇടത്തരം കപ്പലുകൾക്ക് അടുക്കാൻ ഒരു പോർട്ട് തുറന്നതോടെയാണ് ഡ നാങ് ഇങ്ങനെ അത്ഭുതകരമായ വളർച്ച നേടിയത്. അങ്ങനെയെങ്കിൽ വിഴിഞ്ഞത്തിന്റെ സാധ്യത എന്തായിരിക്കും? വഴിയേ കാണാം എന്നാശ്വസിച്ചു.
വ്യാപാരം, വിദ്യഭ്യാസം, വിനോദ സഞ്ചാരം എന്നീ മൂന്ന് മേഖലകളുടെ ‘ഹബ്ബ്’ ആണ് വിയറ്റ്നാം സർക്കാർ നേരിട്ട് ഭരണം നടത്തുന്ന ഡ നാങ്. ക്വാങ് രാജവംശത്തിന്റെ കൈയിൽനിന്ന് തൊണ്ണൂറുകളിൽ മാത്രമാണ് ഈ പ്രദേശം സർക്കാർ ഏറ്റെടുത്തത്. അതിനുശേഷമാണ് തുറമുഖം വികസിപ്പിച്ചതും ഐടി, ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തിയതും.
ഉയർന്ന ജീവിത നിലവാര സൂചിക, മുന്തിയ ബിസിനസ് അന്തരീക്ഷം, ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് വിമാന സർവീസ്, ആഭ്യന്തര ട്രെയിൻ സർവീസ്, മികച്ച പൊതുഗതാഗതവും റോഡുകളും. കയറ്റുമതി, താമസ സൗകര്യം, തൊഴിലും പരിശീലനവും, വിനോദ സഞ്ചാരം, വ്യാപാരം തുടങ്ങി ഏത് രംഗത്തും ഒരു കാതം മുന്നിലാണിവർ. 13 ലക്ഷം ജനങ്ങളിൽ ബഹുഭൂരിപക്ഷവും നഗരവാസികളാണ്. അരലക്ഷം പേരേ മത്സ്യ–-കാർഷിക മേഖലയിൽ പണിയെടുക്കുന്നുള്ളുവെങ്കിലും ഉൽപ്പാദനം വൻതോതിലാണ്. കാരണം, ആധുനിക രീതിയും യന്ത്രവൽക്കരണവും.
ട്രെഡിംഗ്, ഐടി, തുണിത്തരങ്ങൾ, സമുദ്രവിഭവങ്ങൾ, അരി, കാപ്പി, കരകൗശലം–-ലെതർ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ കയറ്റുമതിയിലൂടെ ഈ നഗരം നേടുന്നത് ശരാശരി 550 ദശലക്ഷം ഡോളർ ! ലോകത്തെ വൻകിട ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകൾ നിലവിലുള്ളത് കൂടാതെ, പുതിയ പദ്ധതികൾക്കായി സർക്കാരിനെ സമീപിച്ചിരിക്കുന്നു. കടൽനികത്തിയ സ്ഥലത്ത് 250 ദശലക്ഷം ഡോളർ ചെലവിട്ട് പുതിയൊരു ഉപനഗരം പണിയുന്ന ‘സൈറ്റും’ ങൂം കാണിച്ചുതന്നു.
മലനിരകൾ മഹാ ചരിത്രങ്ങൾ
വാഹനം ഡ നാങ് നഗരത്തിന്റെ ഹൃദയഭാഗത്ത് എത്തിയിരിക്കുന്നു. മടക്കയാത്രയിൽ ഇവിടെ ഇറങ്ങുന്നുണ്ട് എന്ന് ഓർമിപ്പിച്ച ങൂം ഇടതുവശം ചൂണ്ടിക്കാട്ടി എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിച്ചു. രണ്ട് കൂറ്റൻ മലയിടുക്കിലൂടെ കാണാവുന്ന കടൽമുഖം. തുറമുഖത്തിന്റെ ഒരു ഭാഗം കാണാം. ചില ചെറുകപ്പലുകൾ അടുക്കുന്നുമുണ്ട്. ങൂം പറഞ്ഞു, ‘‘ആ കടലിടുക്കിലൂടെയാണ് അമേരിക്കൻ കപ്പൽപ്പട വിയറ്റ്നാമിനെ കീഴടക്കാൻ കടന്നു കയറിയത്!’’
വികസനത്തിന്റെ നേർക്കാഴ്ചയിൽനിന്ന് ഞങ്ങളുടെ ഓർമകൾ ചോരചിന്നിച്ചിതറിയ പോർചരിത്രത്തിലേക്ക് കുതിച്ചു. ലോകപ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഊട്ട് എടുത്ത ആ ചിത്രം മനസ്സിലേക്ക് ഓടിയെത്തി. യുദ്ധത്തെക്കുറിച്ച് അറിയാതെ, ഹോചിമിനെക്കുറിച്ച് പറയാതെ ഈ മണ്ണിലൂടെ എന്ത് യാത്ര? വൻകിട സന്നാഹങ്ങളുമായി വന്ന അമേരിക്കൻ പടയെ, ഹോചിമിൻ എന്ന ധീരനായ കമ്യൂണിസ്റ്റ് നേതാവ് പകർന്ന വിപ്ലവ ബോധവും നിശ്ചയദാർഢ്യവുംകൊണ്ട് ജനങ്ങൾ തുരത്തിയതാണ് ചരിത്രം.
മാനവരാശിയുടെ മോചന സ്വപ്നങ്ങളിൽ നക്ഷത്ര ശോഭയോടെ തിളങ്ങുന്ന ഒരു നേതാവും രാജ്യവും, അതാണ് ഹോ യും വിയറ്റ്നാമും. സാമ്രാജ്യത്വം വെട്ടിമുറിച്ച വിയറ്റ്നാമിലെ ദക്ഷിണ മേഖലയുടെ തലസ്ഥാനമായ സൈഗൺ (പിന്നീട് ഹോചിമിൻ സിറ്റി) വിയറ്റ്കോംഗ് പട 1975 ഏപ്രിൽ 30 ന് പിടിച്ചതോടെ ലോകചരിത്രത്തിൽ പുതിയൊരു അധ്യായം പിറന്നു. ഏകീകൃത വിയറ്റ്നാം രൂപംകൊണ്ടു, 16 വർഷത്തെ യുദ്ധത്തിനുശേഷം. ഒരു കുഞ്ഞുരാഷ്ട്രത്തിലെ പാവം ജനതയെ പണവും അധികാരവും ഹുങ്കും ഉപയോഗിച്ച് കീഴ്പ്പെടുത്താനുള്ള അമേരിക്കയുടെ കിരാതനീക്കത്തിന് കിട്ടിയ തിരിച്ചടിയെന്ന് അന്ന് ലോകം വിലയിരുത്തി.
ഹോചിമിൻ വിമാനത്താവളത്തിൽനിന്ന് ഹ്യൂ നഗരത്തിലേക്ക് പറക്കുമ്പോൾ താഴെ വിയറ്റ്നാം മലനിരകൾ കണ്ടിരുന്നു. നീലനിറത്തിൽ വ്യാപിച്ചുകിടക്കുന്ന ആ കുന്നിൻപടയുടെ താഴെ ഒളിപ്പോരിന്റെ ചരിത്രാധ്യായങ്ങൾ തുറന്നു കിടക്കുന്നു. പ്രത്യാക്രമണം നടത്തിയശേഷം പോരാളികൾ തുരങ്കങ്ങൾ വഴി വനാന്തരങ്ങളിലേക്ക് രക്ഷപ്പെട്ടത് ഈ മലനിരകൾക്കുള്ളിലൂടെയാണ്. ഒളിപ്പോരാളികൾ പോയ വഴി കണ്ടുപിടിക്കാനാകാതെ കുഴഞ്ഞ അമേരിക്കൻ സൈന്യത്തെ ചിന്നഭിന്നമാക്കിയ കുഴിബോംബുകളുടെ കഥയും ഈ മലനിരകൾക്ക് പറയാനുണ്ട്.ഹോചിമിൻ നഗരത്തിലെ യുദ്ധസ്മാരക മ്യൂസിയം ആ ചരിത്ര മുഹൂർത്തങ്ങളെ അതീവ വൈകാരികതയോടെ ചിത്രീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ എയർ കമാൻഡ് കേർട്ടിസ് ലെമെ യുദ്ധമുഖത്തുവച്ച് പറഞ്ഞ വാക്കുകൾ വലിയ അക്ഷരത്തിൽ കൊത്തിവച്ചിരിക്കുന്നു: ‘‘ നിങ്ങളോട് (ഹോചിമിൻ നേതൃത്വം നൽകുന്ന വടക്കൻ വിയറ്റ്നാമിനോട് ) ഒരു കാര്യം തുറന്നുപറയാം, സംയമനം പാലിച്ച് അടങ്ങിയില്ലെങ്കിൽ ബോംബ് വർഷിച്ച് നിങ്ങളെ ശിലായുഗത്തിലേക്ക് തള്ളാൻ പോകുകയാണ്. ’’ അതേസമയം, സൈഗണിൽ ചെങ്കൊടി പാറിച്ച ചിത്രം മറുപടിയായി തൊട്ടപ്പുറത്തുണ്ട്.
ആധുനിക വിയറ്റ്നാമിന്റെ ശിൽപ്പിയായ ഹോ യുടെ നേതൃത്വത്തിൽ മഹാഭൂരിപക്ഷം വരുന്ന ദരിദ്രരും അടിച്ചമർത്തപ്പെട്ടവരുമായ കൃഷിക്കാരെ സംഘടിപ്പിച്ച് ഒളിപ്പോർ സംഘങ്ങളാക്കി മാറ്റിയിരുന്നു. കർഷകരുടെ ആയുധങ്ങളും വേഷവും തേയിലയ്ക്ക് അടിക്കാനുള്ള വിഷവും മലനിരകളിലെ ഊടുവഴികളും കൃഷിയിടങ്ങളിലെ ഒളിത്താവളങ്ങളുമെല്ലാമായിരുന്നു മോചനത്തിനുള്ള പോരാട്ട പാത. ഒളിപ്പോരാളികൾക്ക് പ്രത്യേക വേഷമില്ല, അതുകൊണ്ടുതന്നെ എതിരാളി ആരെന്ന് തിരിച്ചറിയാൻ അമേരിക്കൻ പട്ടാളത്തിനായില്ല.
അമേരിക്കൻ ബോംബ് വർഷിണികൾ മുന്നിൽ നിരന്നുനിൽക്കുമ്പോൾ ജനങ്ങളോട് ഹോചിമിൻ പറഞ്ഞതിങ്ങിനെ: ‘‘നമ്മുടെ പുഴകളും മലനിരകളും ജനതയും എന്നുമൊപ്പമുണ്ടായിരിക്കും. അമേരിക്കൻ സാമ്രാജ്യത്വത്തെ തോൽപ്പിച്ചാൽ നാം പത്തിരട്ടി സുന്ദരമായ ഒരു നാട് നിർമിക്കും.’’
വെറും വാക്കല്ല
ദീർഘവീക്ഷണപടുവായ ആ വിപ്ലവകാരി പറഞ്ഞത് വെറുംവാക്കായിരുന്നില്ലെന്ന് ഇന്ന് നേരിൽ കാണാനാകും. ദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ, എല്ലാവർക്കും ഭക്ഷണവും വീടും തൊഴിലും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതിൽ വികസനം വേഗത്തിലാക്കുന്നതിൽ എല്ലാം കാണിച്ച നിശ്ചയദാർഢ്യമാണ് അതിനുപിന്നിൽ. കോർപറേറ്റ് മാധ്യമങ്ങൾ തുറന്നുപറയാൻ തയ്യാറാകുന്നില്ലെങ്കിലും വിയറ്റ്നാം ലോകത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. മുതലാളിത്ത മാധ്യമങ്ങളും അവരെ അനുകൂലിക്കുന്ന എഴുത്തുകാരും പല വിമർശങ്ങളും ഉന്നയിക്കുമ്പോഴും ലോകാരാജ്യങ്ങളിൽനിന്നെല്ലാം വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് വിയറ്റ്നാമിലേക്ക്. ഏറ്റവും കുറഞ്ഞ ചെലവിൽ അതിസുന്ദരമായ ദിനങ്ങൾ സമ്മാനിക്കുന്ന ‘ സമാധാന രാജ്യം ’ എന്നാണ് പല യാത്രാ വ്ലോഗർമാരും വിശേഷിപ്പിക്കുന്നത്. കോവിഡിനുശേഷം സ്വാഭാവികമായും യാത്രക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും വീണ്ടും കുതിക്കുന്ന കാഴ്ചയാണ്.
വടക്കേ അറ്റം മുതൽ തെക്കുവരെ വിയറ്റ്നാമിന്റെ ഹൃദയഭൂവിലൂടെ നടത്തിയ യാത്രയിലുടനീളം വളർച്ചയുടെയും മാനവീയ ഐക്യത്തിന്റെയും അടയാളങ്ങൾ അനവധി ഞങ്ങൾ കണ്ടു. വിവിധ മതങ്ങളുടെ പ്രാർഥനാലയങ്ങൾ കണ്ടു. ആരാലും അടിച്ചേൽപ്പിക്കാതെ റോഡിൽ കൃത്യമായി നിയമം പാലിക്കുന്ന ജനം. പൊലീസ് നിരന്നുനിന്ന് നിയന്ത്രിക്കുന്ന കാഴ്ച എവിടെയും കണ്ടില്ല. ഉൾപ്രദേശങ്ങളിൽ നാട്ടുകാരോട് സംസാരിച്ചപ്പോഴും സമൂഹത്തിലെ സംതൃപ്തി തെളിഞ്ഞു കണ്ടു. സിഎൻഎൻ, ബിബിസി അടക്കം ലോകത്തെ പ്രമുഖ വാർത്താചാനലുകളെല്ലാം ആളുകൾ കാണുന്നുണ്ട്. സമൂഹമാധ്യമങ്ങളും സജീവം. ശുചിത്വമുള്ള തെരുവുകൾ, പെരുമാറ്റത്തിലെ ലാളിത്യം…സംസ്കാരത്തിന്റെ സവിശേഷതകളും എടുത്തുപറയേണ്ടത്.
അടുത്തിടെ ലോകബാങ്ക് റിപ്പോർട്ടിൽ പറഞ്ഞു: ‘‘സാമ്പത്തിക പരിഷ്കാരങ്ങൾ ഗുണം ചെയ്തു. രാജ്യത്ത് തുടരുന്ന ക്ഷേമ നടപടികൾ, കരുതൽ നടപടികൾ ഉറപ്പുവരുത്തിക്കൊണ്ടുതന്നെ ആഗോള ട്രെൻഡ് ഉൾക്കൊണ്ട് വികസനമാണ് വിയറ്റ്നാമിൽ. പാവപ്പെട്ട രാജ്യമെന്ന നിലയിൽനിന്ന് മധ്യവരുമാന രാജ്യമായി. പ്രതിശീർഷ വരുമാനം ആറുമടങ്ങ് വർധന. ദാരിദ്ര്യ നിരക്ക് പത്തുവർഷംകൊണ്ട് 14ൽനിന്ന് മൂന്നിലെത്തിച്ചു. 87 ശതമാനം ജനത്തിനും സർക്കാരിന്റെ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ. 2045ൽ വൻവരുമാന വികസിത രാഷ്ട്രം ലക്ഷ്യം.’’ വിയറ്റ്നാമിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യങ്ങളിലൊന്ന് അമേരിക്കയാണെന്നതും വസ്തുത!
തീ പിടിപ്പിക്കുന്ന രുചി
ഇനി ഹ്യൂവിലെ ഭക്ഷണത്തെക്കുറിച്ച് അൽപ്പം പറയാം. ഏഷ്യയിലെ തന്നെ ഭക്ഷണ വിഭവങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് പേരുകേട്ട സ്ഥലമാണ് ഹ്യൂ നഗരം. കൊറിയൻ സൈക്കിളിൽ ഞങ്ങളെ ഹ്യൂ തെരുവുകളിലൂടെ കൊണ്ടുപോയി. ഓരോ തെരുവിലുമുള്ള രുചി വൈവിധ്യങ്ങൾ നാവിൽ ചിത്രങ്ങൾ വരയ്ക്കുന്നു. ബുദ്ധൻ പറഞ്ഞത് ഓർത്തു: ‘‘അമ്മ നിങ്ങൾക്കായി ഭക്ഷണം പാചകം ചെയ്ത് തരുന്നതിനെ എത്ര വിലമതിച്ചാലും മതിയാകില്ല. കാരണം, ലോകത്ത് അമ്മയില്ലാത്തവരുണ്ട്, ഭക്ഷണം കഴിക്കാനില്ലാത്തവരുമുണ്ട്.’’ ലോകത്തെ തന്നെ ബുദ്ധകേന്ദ്രങ്ങളിലൊന്നാണ് ഹ്യൂ.
ഒരു സസ്യാഹാര തെരുവിലാണ് ആദ്യം ഞങ്ങളുടെ മുച്ചക്ര സൈക്കിൾ നിർത്തിയത്. സൂപ്പുകളും അരി നൂഡിൽസും അരിയപ്പവും ഔഷധ ഇലകളും എല്ലാ തീൻമേശയിലും ‘മസ്റ്റ്’ വിഭവം. വായുവിന്റെ ‘അപഹാരം’ ഉള്ളവർക്കടക്കം സുഖദിനങ്ങളായിരുന്നു വിയറ്റ്നാം ഭക്ഷണം സമ്മാനിച്ചത്. വിവിധതരം പച്ചക്കറികൾ കൊണ്ടുണ്ടാക്കിയ ബജികളും ബർഗറുകളും മറ്റും യഥേഷ്ടം. എരിയും പുളിയും കൊണ്ട് തീപിടിപ്പിക്കും പോലുള്ള സോസുകൾ ‘ഹൈലൈറ്റ്’!
സസ്യേതര തെരുവിലേക്ക് കടന്നാൽ പോത്തിറച്ചി, കോഴി, പന്നിയിറച്ചി, മത്സ്യം എന്നിവകൊണ്ടുള്ള വിഭവങ്ങളുടെ അന്തമില്ലാത്ത കലവറയാണ് തുറക്കുക. ഏതെങ്കിലും ഇറച്ചി ഉൾപ്പെട്ട ‘ഫോ’ യും ഒപ്പമുള്ള വറുത്ത വിഭവം ‘ക്വെ’ യും ദേശീയഭക്ഷണ പദവി വരെ നേടിയത്, കഴിക്കേണ്ട ഇനം തന്നെ.
റോഡിലേക്ക് നിരക്കുന്ന ഡൈനിങ് ടേബിൾ മുതൽ അകത്തേക്ക് നീളുന്ന ഹാളിനകം മുഴുവൻ വൈകിട്ട് ആറുമണിയോടെ നിറഞ്ഞുകവിയും റസ്റ്റോറന്റുകൾ. ഓരോന്ന് തീരുമ്പോഴേക്കും അടുത്തത് വന്നുകൊണ്ടിരിക്കും. വീടിന്റെ മുൻഭാഗത്ത്, സ്ത്രീകളാണ് അധികവും നടത്തിപ്പുകാർ. ബിയർ എല്ലായിടത്തും സർവസാധാരണം. ഫ്രഞ്ച്, ചൈനീസ് സ്വാധീനം ഭക്ഷണത്തിൽ മാത്രമല്ല, ഇവിടുത്തെ ആർകിടെക്ചറിലും കാണാം.
മടക്കയാത്രയ്ക്കിടെ അമേരിക്കൻ ചെയിൻഷോപ് ആയ ‘കോസ്കോ’ യിൽ കയറി. അവിടത്തെ വിയറ്റ്നാംകാരിയോട് ഹോചിമിന്റെ മുഖചിത്രമുള്ള ഒരു ഉൽപ്പന്നം ചോദിച്ചു. അവർക്ക് ‘ആക്സന്റ് ’ മനസ്സിലായില്ലെന്നു തോന്നി, കൊണ്ടുവന്നത് ഹോചിമിൻ സിറ്റിയുടെ ചിത്രങ്ങളും ശിൽപ്പങ്ങളും ആണ്. ‘അതല്ല കുട്ടീ’ എന്ന് മലയാളത്തിൽ പറഞ്ഞ്, മൊബൈലിൽ സാക്ഷാൽ ഹോചിമിന്റെ ചിത്രം കാണിച്ചു കൊടുത്തു; അപ്പോൾ ‘‘ഓ… അങ്കിൾ ഹോ’’ എന്ന് അവൾ പൊട്ടിച്ചിരിച്ചു! തൊട്ടടുത്തുള്ള കട ചൂണ്ടിക്കാണിച്ചു. ശേഷം ഒരു ‘ബൈ’ യും.