ന്യൂഡൽഹി
സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജനെ വീടാക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികളെ വെറുതേവിട്ട കേരളാഹൈക്കോടതി വിധിക്കെതിരായ ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. സംസ്ഥാനസർക്കാരും പി ജയരാജനുമാണ് അപ്പീലുകൾ നൽകിയത്.
വെള്ളിയാഴ്ച ജസ്റ്റിസ് സുധാൻശുധുലിയ, ജസ്റ്റിസ് അഹ്സനുദീൻ അമാനുള്ള എന്നിവർ അംഗങ്ങളായ ബെഞ്ച് ഹർജികൾ പരിഗണിച്ചപ്പോൾ ആറാം പ്രതിക്കും എട്ടാം പ്രതിക്കും വേണ്ടി ഹാജരായ അഭിഭാഷകൻ വക്കാലത്തും എതിർസത്യവാങ്ങ്മൂലവും സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ വിധിന്യായം വായിച്ചിട്ടുണ്ടോയെന്ന് പ്രതികളുടെ അഭിഭാഷകനോട് സുപ്രീംകോടതി ചോദിച്ചു. ഒരാളെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ നോക്കിയ സംഭവമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. പി ജയരാജനുവേണ്ടി മുതിർന്ന അഭിഭാഷകൻ പി വി ദിനേശ്, അഡ്വ. പി എസ് സുധീർ, സംസ്ഥാനസർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ എസ് നാഗമുത്തു, സ്റ്റാൻഡിങ്ങ് കോൺസൽ സി കെ ശശി തുടങ്ങിയവർ ഹാജരായി. ഒക്ടോബറിൽ ഹർജി വീണ്ടും പരിഗണിച്ചേക്കും.