കോഴിക്കോട്
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുർന്നുണ്ടായ ആരോപണങ്ങളിൽ പ്രത്യേക അന്വേഷകസംഘത്തിലെ എസ്പി ഐശ്വര്യ ഡോങ്ക്റെ കോഴിക്കോട്ടെത്തി തെളിവെടുത്തു. പൊലീസ് ക്ലബ്ബിൽ നടന്ന തെളിവെടുപ്പിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകിയ യുവാവ് തനിയ്ക്കുണ്ടായ അനുഭവം വിവരിച്ചു. 2012ൽ ബംഗളുരുവിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽവെച്ച് രഞ്ജിത്ത് മദ്യം നൽകിയാണ് പീഡിപ്പിച്ചതെന്നാണ് മൊഴി. കൂടാതെ കോഴിക്കോട്ടെ ജൂനിയർ ആർടിസ്റ്റായ പെൺകുട്ടി ഇടവേള ബാബു, നടന്മാരായ സുധീഷ്, സാജു കൊടിയൻ എന്നിവർക്കെതിരെയും മൊഴി നൽകിയിട്ടുണ്ട്.
സിദ്ദിഖിനെതിരെ കൂടുതൽ
തെളിവുശേഖരിക്കാൻ പൊലീസ്
യുവനടിയെ ബലാത്സംഗംചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരെ കൂടുതൽ തെളിവുശേഖരിക്കാൻ പ്രത്യേക അന്വേഷക സംഘം. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നടിയുടെ മൊഴിയെടുത്തതു കൂടാതെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 164ാം വകുപ്പുപ്രകാരവും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ പകർപ്പ് ലഭിക്കുന്നതോടെ സിദ്ദിഖിനെ ചോദ്യംചെയ്യും. ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് സിദ്ദിഖിനെതിരെ കേസ്.
അതിനിടെ നടിയുടെ പരാതിയുടെയും എഫ്ഐആറിന്റെയും പകർപ്പുകൾ സിദ്ദിഖിന് നൽകണമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതി മ്യൂസിയം പൊലീസിന് നിർദേശം നൽകി . പകർപ്പ് ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് സിദ്ദിഖ് കോടതിയെ സമീപിച്ചത്.
മുകേഷ് അഭിഭാഷകന് തെളിവുകൾ കൈമാറി
ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരായ ഇലക്ട്രോണിക് തെളിവുകൾ നടൻ മുകേഷ് അഭിഭാഷകൻ ജോ പോളിന് കൈമാറി. വെള്ളി പകൽ മൂന്നിന് അഭിഭാഷകന്റെ വീട്ടിലെത്തിയാണ് കൈമാറിയത്. സ്ക്രീൻഷോട്ടുകളും ഇ–-മെയിൽ രേഖകളും അടങ്ങുന്ന ഇലക്ട്രോണിക് തെളിവുകൾ കേസ് പരിഗണിക്കുന്ന എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. സെപ്തംബർ രണ്ടിനാണ് കേസ് പരിഗണനയ്ക്ക് വരിക. മുകേഷിനെ സെപ്തംബർ മൂന്നുവരെ അറസ്റ്റ് ചെയ്യരുതെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും മുകേഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.