തിരുവനന്തപുരം
സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും അധികചുമതലകളും നൽകി പൊതുഭരണ വകുപ്പ് ഉത്തരവ്. നാഷണൽ ഹെൽത്ത് മിഷന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടർ കെ ജീവൻ ബാബുവിനെ കേരള വാട്ടർ അതോറിറ്റി എംഡിയായി നിയമിച്ചു. സംസ്ഥാന ഐടി മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ നാഷണൽ ഹെൽത്ത് മിഷന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടറാകും. കെഎംഎസ്സിഎൽ എംഡി, ഇ ഹെൽത്ത് പ്രൊജക്ട് ഡയറക്ടർ, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം 2018ന്റെ നിർവഹണ ഓഫീസർ എന്നീ ചുമതലകളും വഹിക്കും.
തൊഴിലും പരിശീലന ഡയറക്ടറായിരുന്ന ഡോ. വീണ എൻ മാധവനെ ഉദ്യോഗസ്ഥ, ഭരണപരിഷ്കാര വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. സഹകരണ വകുപ്പിന്റെ അധിക ചുമതലയും വഹിക്കും. ആഭ്യന്തര, വിജിലൻസ് വിഭാഗം അഡീ. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ജലവിഭവ, കേരള ഷിപ്പിങ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ വകുപ്പുകളുടെയും കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ ലിമിറ്റഡ് എംഡിയുടെയും അധിക ചുമതല വഹിക്കും.
സിവിൽ സപ്ലൈസ് കമീഷണറായിരുന്ന ഡോ. ഡി സജിത്ത് ബാബുവിനെ സഹകരണ സൊസൈറ്റി രജിസ്ട്രാറായി നിയമിച്ചു. കെ ഗോപാലകൃഷ്ണൻ വ്യവസായ ഡയറക്ടറാകും. പിന്നാക്കവിഭാഗ വികസന ഡയറക്ടറുടെ അധിക ചുമതലയും വഹിക്കും. ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. വി ശ്രീറാം കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയുടെ അധിക ചുമതലയും വഹിക്കും. സഹകരണ സൊസൈറ്റി രജിസ്ട്രാറായിരുന്ന ടി വി സുഭാഷിനെ ഐ ആൻഡ് പിആർഡി ഡയറക്ടറായി നിയമിച്ചു. കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് എംഡിയുടെ അധിക ചുമതലയുമുണ്ട്.
തിരുവനന്തപുരം സബ് കലക്ടർ ഡോ.അശ്വതി ശ്രീനിവാസിനെ എറണാകുളം ജില്ലാ വികസന കമീഷണറായി നിയമിച്ചു. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെയും സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷന്റെയും എംഡിയുടെ അധിക ചുമതലയും വഹിക്കും. തിരുവല്ല സബ് കലക്ടർ സഫ്ന നസാറുദ്ദീനെ ലേബർ കമീഷണറായും കൊല്ലം സബ് കലക്ടർ മുകുന്ദ് ഠാകൂറിനെ സിവിൽ സപ്ലൈസ് കമീഷണറായും നിയമിച്ചു. ഇടുക്കി സബ് കലക്ടറായ അരുൺ എസ് നായർ എൻട്രൻസ് പരീക്ഷാ കമീഷണറാകും. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ ഡയറക്ടറുടെ അധിക ചുമതല വഹിക്കും.
തിരൂർ സബ് കലക്ടർ സച്ചിൻ കുമാർ യാദവ് ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറിയാകും. കാഞ്ഞങ്ങാട് സബ് കലക്ടർ സുഫിയാൻ അഹമ്മദിനെ തൊഴിൽ, പരിശീലന ഡയറക്ടറായി നിയമിച്ചു. കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് എംഡിയുടെ അധിക ചുമതലയും വഹിക്കും. തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാറിനെ കേരള ഐടി മിഷൻ ഡയറക്ടറായും നിയമിച്ചു.