ന്യൂഡൽഹി
സിഖ് വംശഹത്യയുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലർക്ക് എതിരെ കുറ്റങ്ങൾ ചുമത്താൻ ഡൽഹി റൗസ്അവന്യു കോടതി ഉത്തരവ്. ടൈറ്റ്ലറെ വിചാരണ ചെയ്യാൻ മതിയായ തെളിവുണ്ടെന്ന് സിബിഐ പ്രത്യേക കോടതി ജഡ്ജി രാകേഷ് സിയാൽ ചൂണ്ടിക്കാട്ടി. സെപ്തംബർ 13ന് കുറ്റംചാർത്തൽ തുടങ്ങും.
1984ൽ സിഖ് വംശഹത്യ നടന്ന വേളയിൽ പുൽബംഗശ് ഗുരുദ്വാരയ്ക്ക് പുറത്ത് ഠാക്കൂർ സിങ്, ബാദൽ സിങ്, ഗുർചരൺ സിങ് എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ എടുത്ത കേസിലാണ് ടൈറ്റ്ലർ വിചാരണ നേരിടേണ്ടത്. കൊലപാതകം, കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രകോപനം, നിയമവിരുദ്ധമായ സംഘംചേരൽ തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തിൽ ടൈറ്റ്ലർക്ക് എതിരെ ചുമത്തിയിട്ടുള്ളത്.
ഗുരുദ്വാരയ്ക്ക് പുറത്ത് ഒത്തുചേർന്ന അക്രമികളെ എംപിയായിരുന്ന ടൈറ്റ്ലർ പ്രകോപിപ്പിക്കുന്നതിന് ദൃക്സാക്ഷികളുണ്ടെന്ന് സിബിഐ പറഞ്ഞു. തീപ്പന്തങ്ങളും മണ്ണെണ്ണ കന്നാസുകളും മാരാകായുധങ്ങളുമായി നിൽക്കുകയായിരുന്ന സംഘം സിഖുകാരെ വകവരുത്തണമെന്ന ടൈറ്റ്ലറുടെ ആഹ്വാനങ്ങളെ തുടർന്ന് അക്രമാസക്തരായി. മൂന്ന്പേരെ മർദിച്ചവശരാക്കി പെട്രോളിച്ച് കത്തിച്ചുവെന്നാണ് ദൃക്സാക്ഷി മൊഴി.