കൊച്ചി
രാജ്യത്തിന്റെ മൊത്ത ആഭ്യന്തരോൽപ്പാദനം (ജിഡിപി) താഴ്ന്നു. നടപ്പ് സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ (ഏപ്രിൽ, ജൂൺ) 6.7 ശതമാനമായാണ് കുറഞ്ഞത്. 15 മാസത്തെ ഏറ്റവും താഴ്ന്നനിരക്കാണിത്. മുൻ സാമ്പത്തികവർഷം ഇതേ കാലയളവിൽ ജിഡിപി വളർച്ചാനിരക്ക് 8.2 ശതമാനവും അവസാനപാദത്തിൽ (ജനുവരി–-മാർച്ച്) 7.8 ശതമാനവുമായിരുന്നു.
ദേശീയ സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉപഭോക്താക്കളുടെ ചെലവഴിക്കലിൽ വന്ന കുറവും രാജ്യത്തെ കാർഷികമേഖലയുടെ മോശം പ്രകടനവും സർക്കാർ പൊതുചെലവ് കുറച്ചതുമാണ് ജിഡിപി വളർച്ച കുറയാൻ പ്രധാന കാരണം. 2023-–-24 സാമ്പത്തികവർഷം ഏപ്രിൽ-– -ജൂൺ പാദത്തിൽ 3.7 ശതമാനമായിരുന്ന കാർഷികമേഖലാ വളർച്ച രണ്ടു ശതമാനമായാണ് കുറഞ്ഞത്. റിസർവ് ബാങ്കിന്റെ കഴിഞ്ഞ പണനയത്തിൽ നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച ഒന്നാംപാദത്തിൽ 7.1 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്.