മുംബൈ > അഭിഭാഷകനും എഴുത്തുകാരനും ഭരണഘടന വിദഗ്ധനുമായ അബ്ദുൾ ഗഫൂർ മജീദ് നൂറാനി (എ ജി നൂറാനി 94) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. സുപ്രീംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. പൗരസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശങ്ങള്ക്കും വേണ്ടി നിരന്തരം പോരാടിയ നൂറാനി ശ്രദ്ധേയമായ നിരവധി പുസ്തകങ്ങളും രചിച്ചു.
എക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി, ദി ഹിന്ദുസ്ഥാൻ ടൈംസ്, സ്റ്റേറ്റ്സ്മാൻ, ഹിന്ദു, ഫ്രണ്ട് ലൈൻ തുടങ്ങിയ മാധ്യമങ്ങളിൽ കോളങ്ങള് കൈകാര്യംചെയ്തു. ആർഎസ്എസിന്റെ കാപട്യങ്ങളെ തുറന്നെഴുതിയ വ്യക്തിയാണ്. 1930 സെപ്തംബര് 16ന് മുംബൈയിലായിരുന്നു ജനനം. ദി കശ്മീര് ക്വസ്റ്റ്യൻ, മിനിസ്റ്റേഴ്സ് മിസ് കണ്ടക്ട്, കോൺസ്റ്റിറ്റ്യൂഷണൽ ക്വസ്റ്റ്യൻസ് ആൻഡ് സിറ്റിസൻസ് റൈറ്റ്സ്, ദി ആര്എസ്എസ്: എ മെനേസ് ടു ഇന്ത്യ, സവര്ക്കര് ആൻഡ് ഹിന്ദുത്വ : ദി ഗോഡ്സെ കണക്ഷൻ, ദി ആര്എസ്എസ് ആൻഡ് ദി ബിജെപി: എ ഡിവിഷൻ ഒഫ് ലേബര്,ദി ട്രയൽ ഒഫ് ഭഗത്സിങ് തുടങ്ങിയ പുസ്തകങ്ങള് ശ്രദ്ധേയമാണ്.