ന്യൂഡൽഹി > ഓൺലൈൻ പാസ്പോർട്ട് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് തടസപ്പെടുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പാസ്പോർട്ടിനായി അപേക്ഷകൾ നൽകാനുള്ള പോർട്ടലിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് സേവനങ്ങൾ തടസപ്പെടുക. ഈ സമയത്ത് പുതിയ അപേക്ഷകൾ നൽകാനാവില്ല. നിലവിലുള്ളവ മറ്റൊരു ദിവസത്തേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
ആഗസ്ത് 29 വ്യാഴാഴ്ച രാത്രി 8 മുതൽ സെപ്റ്റംബർ രണ്ട് തിങ്കളാഴ്ച രാവിലെ 6 വരെയാണ് സേവനങ്ങൾ തടസപ്പെടുക. പാസ്പോർട്ട് സേവ കേന്ദ്രങ്ങൾക്ക് നവീകരണപ്രവർത്തനങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇതിന് അനുസരിച്ചുള്ള ക്രമീകരണം ഒരുക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പോർട്ടലിൽ സാധാരണയായി നടത്തുന്ന പുതുക്കലുകളുടെ ഭാഗമായാണ് തടസങ്ങൾ നേരിടുകയെന്നും സെപ്തംബർ 2 മുതൽ പഴയ രീതിയിൽ പോർട്ടലിലെ സേവനങ്ങൾ ലഭ്യമാകുമെന്നും കേന്ദ്രം അറിയിച്ചു.