ന്യൂഡൽഹി> വിമർശിക്കുന്നവരെ അടിച്ചമർത്താനും പുകഴ്ത്തുന്നവർക്ക് പാരിതോഷികം നൽകാനും ഉത്തർപ്രദേശ് സർക്കാർ പുതിയ സമൂഹമാധ്യമ നയം കൊണ്ടുവന്നു. സർക്കാർ പരിപാടികൾ സമൂഹമാധ്യമം വഴി പ്രോത്സാഹിപ്പിക്കുന്നവർക്ക് മാസം എട്ട് ലക്ഷം രൂപ വരെ നൽകും. നയം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകരിച്ചു. സർക്കാരിനെ വിമർശിച്ചാൽ ‘രാജ്യദ്രോഹകുറ്റം’ ചുമത്തി ജീവപര്യന്തം ജയിലിലടയ്ക്കാനും ഇതിൽ വകുപ്പുണ്ട്.
സർക്കാരിന്റെ ക്ഷേമപദ്ധതികളും നേട്ടങ്ങളും പ്രചരിപ്പിക്കുന്ന കുറിപ്പുകൾ, വീഡിയോ, റീൽസ്, ട്വീറ്റുകൾ എന്നിവ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ മാസം പ്രതിഫലം നൽകും. സർക്കാർ പരിപാടികളുടെ വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്താൽ എട്ട് ലക്ഷം രൂപ വരെയാണ് പ്രതിഫലം. ഹ്രസ്വചിത്രങ്ങൾ (ഏഴു ലക്ഷം), പോഡ്കാസ്റ്റ് (ആറുലക്ഷം), മറ്റ് ഉള്ളടക്കങ്ങള്‍ (നാല് ലക്ഷം) എന്നിങ്ങനെയാണ് പാരിതോഷികം. എക്സ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ ഇൻഫ്ലുവൻസർമാരായി പ്രവർത്തിക്കാൻ പ്രതിമാസം അഞ്ച്, നാല്, മൂന്ന് ലക്ഷം രൂപ വീതം നൽകും. ഡിജിറ്റൽ പരസ്യങ്ങൾ ഏകോപിപ്പിക്കാനും മേൽനോട്ടം വഹിക്കാനും ‘വി ഫോം’ എന്ന ഏജൻസി രൂപീകരിക്കും. ‘അപകീർത്തികരമായ’ ഉള്ളടക്കം പോസ്റ്റ്ചെയ്യുന്നത് ക്രിമിനൽകുറ്റമാക്കും. ഡിജിറ്റൽ മാധ്യമ ദുരുപയോഗം ഗൗരവത്തോടെ നേരിടുമെന്ന് മന്ത്രി സഞ്ജയ് നിഷാദ് പറഞ്ഞു. എന്നാൽ, സർക്കാർ ഫണ്ട് ബിജെപി അനുകൂലികൾക്ക് വീതംവച്ച് നൽകാനും വിമർശകരെ രാജ്യദ്രോഹികളായി മുദ്രകുത്താനും ഈ നയം വഴിയൊരുക്കുമെന്ന വിമർശനം ഉയർന്നു.