തിരുവനന്തപുരം
തലസ്ഥാനത്തിന് മറക്കാനാകാത്ത സംഗീത രാവ് സമ്മാനിച്ച് ടി എം കൃഷ്ണ. ചെമ്പൈ സംഗീതോത്സവത്തിലാണ് അദ്ദേഹം പാടിയത്. കീരവാണി രാഗത്തിൽ തത്വത് ജീവത്വം എന്ന സദാശിവ ബ്രഹ്മേന്ദ്ര കൃതി പാടിയാണ് കച്ചേരി ആരംഭിച്ചത്. തുടർന്ന് അടാണാ രാഗത്തിൽ ത്യാഗരാജ കൃതികൾ അവതരിപ്പിച്ചു.അനുപമ ഗുണാം ബുധി എന്ന കൃതിക്ക് താനവും പാടി. ഹമീർ കല്യാണി രാഗത്തിൽ ജംബൂപതെ എന്ന് തുടങ്ങുന്ന മുത്തുസ്വാമി ദീക്ഷിതർ കൃതിയും ഖരഹര പ്രിയ രാഗത്തിൽ ജാനകി പതെ എന്ന പാപനാശം ശിവൻ കൃതിയും പാടി.
ശ്രീവരാഹത്തെ ചെമ്പൈ മെമ്മോറിയൽ ഹാളിലായിരുന്നു കച്ചേരി. മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ലഭിച്ചശേഷം ആദ്യമായാണ് ടി എം കൃഷ്ണ തലസ്ഥാനത്ത് കച്ചേരി അവതരിപ്പിക്കുന്നത്. കർണാടക സംഗീതത്തിലെ ജനകീയ പാട്ടുകാരനെ കാണാനും കേൾക്കാനുമായി നിരവധി ആരാധകരും കലാസ്വാദകരുമെത്തിയതോടെ ഹാൾ തിങ്ങി നിറഞ്ഞു. രണ്ടുമണിക്കൂറിലേറെ നീണ്ടു കച്ചേരി.
വയലിനിൽ തിരുവനന്തപുരം സമ്പത്ത്, മൃദംഗത്തിൽ പാലക്കാട് ഹരിനാരായണൻ, ഘടത്തിൽ ഉഡുപ്പി ശ്രീധർ എന്നിവർ പക്കമേളം ഒരുക്കി. കച്ചേരി എഡിജിപി എസ് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച വയലിനിസ്റ്റ് തിരുവനന്തപുരം സമ്പത്തിനെ ചെമ്പൈ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.