ന്യൂഡൽഹി> ലൈംഗികാതിക്രമങ്ങൾക്ക് ഇരകളായ കുട്ടികളെ തുടർച്ചയായി കോടതികളിലേക്ക് വിളിച്ചുവരുത്തരുതെന്ന് സുപ്രീംകോടതി. പോക്സോ കേസിലെ ഇരയെ ക്രോസ്വിസ്താരത്തിന് വീണ്ടും വിളിച്ചുവരുത്തണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം.
രണ്ടുവട്ടം ഇരയെ വിസ്തരിക്കുകയും ക്രോസ്വിസ്തരിക്കുകയും ചെയ്ത സാഹചര്യത്തിൽ വീണ്ടും കോടതിയിലേക്ക് വിളിച്ചുവരുത്തുന്നത് പോക്സോ നിയമത്തിന്റെ ഉദ്ദേശശുദ്ധി പരാജയപ്പെടുത്തുമെന്ന് ജസ്റ്റിസ് സുധാൻശുധുലിയ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പോക്സോ നിയമത്തിലെ 33(5) വകുപ്പിൽ മൊഴി രേഖപ്പെടുത്താൻ കുട്ടികളെ പ്രത്യേകകോടതികൾ ആവർത്തിച്ച് വിളിച്ചുവരുത്തരുതെന്ന വ്യവസ്ഥയുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.