കൊൽക്കത്ത> ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ പത്തു ദിവസത്തിനകമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ഇതിനായി അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കും.
10 ദിവസത്തിനുള്ളിൽ ബിൽ പാസാക്കും.നിയമസഭയില് ബില് പാസാക്കിയ ശേഷം ഗവർണർ സി.വി ആനന്ദ ബോസിന്റെ അംഗീകാരത്തിനായി അയക്കും. എന്നാൽ അദ്ദേഹം ബിൽ പാസാക്കുമോയെന്നതിൽ സംശയമുണ്ട്. അല്ലാത്തപക്ഷം രാജ്ഭവന് പുറത്ത് പ്രതിഷേധിക്കുമെന്നും മമത പറഞ്ഞു.
ആർജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. പശ്ചിമബംഗാളിൽ ബി.ജെ.പി. ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചത്തെ കൊൽക്കത്ത സെക്രട്ടേറിയേറ്റ് മാർച്ചിനു നേർക്കുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി. ബുധനാഴ്ച സംസ്ഥാനത്ത് 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തത്.
വിവിധ മേഖലകളിൽ ബിജെപി പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. പുലർച്ചെ മുതൽ റോഡുകളും റെയിൽവേ ട്രാക്കുകളും പ്രതിഷേധക്കാർ തടഞ്ഞു.