ന്യൂഡല്ഹി> പാലക്കാട് ഉള്പ്പെടെ പുതിയ 12 ഗ്രീന്ഫീല്ഡ് ഇന്ഡസ്ട്രിയല് സ്മാര്ട്ട് സിറ്റികള് പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. പാലക്കാട് ജില്ലയിൽ ഗ്രീന്ഫീല്ഡ് ഇന്ഡസ്ട്രിയല് സ്മാര്ട്ട് സിറ്റി സ്ഥാപിക്കുന്നതിന് 3806 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്ഡസ്ട്രിയല് സ്മാര്ട്ട് സിറ്റികള് തുടങ്ങുക. മൂന്ന് റെയില്വേ ഇടനാഴികള്ക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. ആകെ 28,602 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്.
പാലക്കാട് 1720 ഏക്കറിൽ 8729 കോടിയുടെ നിക്ഷേപ പ്രതീക്ഷ
പാലക്കാട് നഗരത്തില് നിന്ന് 20 കിലോമീറ്റര് അകലെയായിരിക്കും ഇതിനായി ഭൂമി കണ്ടെത്തുക. 1710 ഏക്കര് ഭൂമിയിലാണ് ഇന്ഡസ്ട്രിയല് സ്മാര്ട്ട് സിറ്റി സാധ്യമാക്കുക. 8729 കോടിയുടെ നിക്ഷേപവും 51,000 പേര്ക്ക് തൊഴിലുമാണ് പ്രതീക്ഷിക്കുന്നത്.
റബ്ബര്, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്, ഔഷധനിര്മ്മാണത്തിനായുള്ള രാസവസ്തുക്കള്, സസ്യോത്പന്നങ്ങള്, ഫാബ്രിക്കേറ്റഡ് മെറ്റല് ഉത്പന്നങ്ങള്, യന്ത്രങ്ങള്, ഉപകരണങ്ങള്, ഹൈടെക് വ്യവസായം എന്നീ മേഖലകള്ക്കാണ് വ്യവസായ സ്മാര്ട്ട് സിറ്റി പ്രാധാന്യം നല്കുക.
ടൂറിസത്തിനുള്ള സാധ്യതയും പാലക്കാടിന്റെ പ്രത്യേകതയാണ്. റോഡ്, റെയില്, വ്യോമ ഗതാഗതമാര്ഗങ്ങളും കൊച്ചി തുറമുഖവും ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നു എന്നത് പാലക്കാടിന് അനുകൂല ഘടകമാണ്.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വാര്ത്താ സമ്മേളനത്തില് തീരുമാനം പ്രഖ്യാപിച്ചത്. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിയുടെ (എന്.ഐ.ഡി.സി.പി) ഭാഗമായാണ് ഗ്രീന്ഫീല്ഡ് വ്യവസായ സ്മാര്ട്ട് സിറ്റികള് നിര്മ്മിക്കുക.
വിവിധ സംസ്ഥാനങ്ങളിലായി ഒന്നര ലക്ഷം കോടി രൂപയുടെ പദ്ധതികൾ
ഉത്തരാഖണ്ഡിലെ ഖുര്പിയ, പഞ്ചാബിലെ രാജ്പുര-പാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, ഉത്തര്പ്രദേശിലെ ആഗ്ര, പ്രയാഗ് രാജ്, ബീഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രാപ്രദേശിയിലെ ഒര്വാക്കല്, കൊപ്പാര്ത്തി, രാജസ്ഥാനിലെ ജോഥ്പൂര്-പാലി എന്നിവയാണ് പാലക്കാടിന് പുറമെ പ്രഖ്യാപിച്ച മറ്റ് ഗ്രീന്ഫീല്ഡ് വ്യവസായ സ്മാര്ട് സിറ്റികള്. ഒന്നരലക്ഷം കോടിയുടെ നിക്ഷേപമാണ് വാഗ്ദാനം ചെയ്തത്. പ്രത്യക്ഷമായി പത്ത് ലക്ഷം പേര്ക്കും പരോക്ഷമായി 30 ലക്ഷം പേര്ക്കുമാണ് തൊഴിലവസരം ഈ 12 പദ്ധതികൾക്ക് കീഴിൽ തൊഴിൽ ലഭിക്കും എന്നും പ്രതീക്ഷിക്കപ്പെടുന്നു.