ന്യൂഡൽഹി > യുപിയിലെ ഫറൂഖാബാദ് ജില്ലയിലെ കായംഗഞ്ചിൽ ശ്രീകൃഷ്ണ ജന്മാഷ്ഠമി ആഘോഷങ്ങൾക്കായി ക്ഷേത്രത്തിൽപ്പോയ രണ്ട് ദളിത് പെൺകുട്ടികളുടെ മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ. കായംഗഞ്ചിലെ ഭഗൗതിപൂർ ഗ്രാമത്തിലെ മാവിൻതോട്ടത്തിലാണ് ചൊവ്വ രാവിലെ 15ഉം 18ഉം വയസുള്ള പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഒരേ ദുപ്പട്ടയുടെ രണ്ടറ്റത്തായാണ് മൃതദേഹങ്ങൾ. കുട്ടികളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആരോപിക്കുമ്പോഴും ആത്മഹത്യയാക്കി ചിത്രീകരിക്കാനാണ് പൊലീസിന് ധൃതി എന്ന ആക്ഷേപവും ശക്തമായി. തിങ്കൾ രാത്രി ഒമ്പതിനാണ് ക്ഷേത്രത്തിലെ ആഘോഷത്തിന് സുഹൃത്തുക്കൾകൂടിയായ പെൺകുട്ടികൾ പോയത്.
തിരിച്ചെത്താതായതോടൈ ബന്ധുക്കൾ തെരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്തിയില്ല. ചൊവ്വ പുലർച്ചെ അഞ്ചുമണിയോടെ പ്രാഥമികാവശ്യങ്ങൾക്കായി പുറത്തുപോയ പെൺകുട്ടികളുടെ ബന്ധുവാണ് മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടത്. രണ്ടുപേരെയും കൊലപ്പെടുത്തിയ ശേഷം ഒരേ ദുപ്പട്ടയിൽ കെട്ടിത്തൂക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. മൃതദേഹങ്ങൾക്ക് സമീപത്തുനിന്ന് മൊബൈൽ ഫോണും സിമ്മും കണ്ടെത്തി. ഇരട്ട ആത്മഹത്യയാണെന്ന് അവകാശപ്പെട്ട ഫറൂഖാബാദ് ജില്ല പൊലീസ് സുപ്രണ്ട് അലോക് പ്രിയദർശി, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുവെന്ന് പ്രതികരിച്ചു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന പെൺകുട്ടികളാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.