ദുബായ്
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചർച്ചയ്ക്ക് ഒരുങ്ങുന്നെന്ന സൂചന നൽകി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ചില സാഹചര്യങ്ങളിൽ ശത്രുവുമായി ഇടപഴകുന്നതിൽ തെറ്റില്ലെന്ന് ഖമനേയി തന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചു. ശത്രുക്കളിൽ പ്രതീക്ഷ അർപ്പിക്കരുതെന്ന മുന്നറിയിപ്പ് പരിഷ്കരണവാദിയായ പ്രസിഡന്റ് മസൂദ് പെസഷ്ക്വാന് നൽകാനും ഖമനേയി മറന്നില്ല. 2018ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണവ കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻമാറുകയായിരുന്നു. സമീപ വർഷങ്ങളിൽ ഒമാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഇറാനും അമേരിക്കയുമായി പരോക്ഷ ചർച്ചകൾ നടത്തിയിരുന്നു. ഖത്തർ പ്രധാനമന്ത്രി ഇറാൻ സന്ദർശിച്ചതിന് പിന്നാലെയാണ് ഖമേനിയുടെ പ്രതികരണമുണ്ടായത്.