ന്യൂഡൽഹി
കേന്ദ്ര അന്വേഷണ ഏജൻസികളെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ഡൽഹി മദ്യനയ കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം അനുവദിച്ചു. സിബിഐക്കും ഇഡിക്കും തോന്നിയതുപോലെ ആൾക്കാരെ പ്രതികളാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് തുറന്നടിച്ചു. പ്രതികളാക്കേണ്ടവരെ മാപ്പുസാക്ഷികളാക്കി മാറ്റിയത് എന്തടിസ്ഥാനത്തിലാണെന്നും അന്വേഷണ ഏജൻസികളോട് കോടതി ചോദിച്ചു. ‘വിചാരണ എപ്പോഴും ന്യായമായിരിക്കണം. കേസിൽ പ്രതിയാണെന്ന് സ്വയം സമ്മതിച്ചയാളെ നിങ്ങൾ സാക്ഷിയാക്കി. ഇങ്ങനെയാണെങ്കിൽ നാളെ നിങ്ങൾ തോന്നിയ ആൾക്കാരെ പ്രതികളാക്കും. തോന്നിയവരെ വിട്ടയക്കും. അങ്ങനെ, ആൾക്കാരെ തെരഞ്ഞെടുത്ത് പ്രതികളാക്കുന്നതിൽ എന്ത് ന്യായമാണുള്ളത്’–- ചൊവ്വാഴ്ച്ച ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് ഭൂഷൺ ഗവായ് പൊട്ടിത്തെറിച്ചു.
കേസിൽ പ്രതിയാക്കേണ്ട ദക്ഷിണേന്ത്യൻ വ്യവസായി മഗുന്ത ശ്രീനിവാസലുറെഡ്ഡിയെ സാക്ഷിയാക്കിയ നടപടി ചൂണ്ടിക്കാണിച്ചാണ് അന്വേഷണഏജൻസികളെ കോടതി നിർത്തിപ്പൊരിച്ചത്. മഗുന്തയുടെ മൊഴിയിൽനിന്ന് മദ്യനയ അഴിമതിയിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന് വ്യക്തമാണ്. എന്നിട്ടും, അദ്ദേഹത്തെ സാക്ഷിയും കവിതയെ പ്രതിയുമാക്കിയതിന്റെ ഔചിത്യമാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്.
സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെ, അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ജാമ്യാപേക്ഷകളെ എതിർത്തുള്ള വാദം മതിയാക്കി. സിബിഐ, ഇഡി കേസുകളിൽ കവിതയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചതായി കോടതി ഉത്തരവിറക്കി. ‘അന്വേഷണം പൂർത്തിയായി കുറ്റപത്രവും സമർപ്പിച്ചു. കവിതയെ ഇനിയും കസ്റ്റഡിയിൽവയ്ക്കേണ്ട കാര്യമില്ല. അഞ്ചുമാസമായി അവർ ജയിലിലാണ്. 493 സാക്ഷികളും 50,000ത്തോളം പേജുകളുള്ള രേഖകളുമുള്ള കേസിൽ സമീപഭാവിയിൽ വചാരണ പൂർത്തിയാകില്ല. ഒരാളുടെ വിചാരണത്തടവ് ശിക്ഷയായി മാറാൻ പാടില്ല’–- ഉത്തരവിൽ സുപ്രീംകോടതി നിരീക്ഷിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 45(1) വകുപ്പ് പ്രകാരം ജാമ്യം അനുവദിക്കുന്നതിൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ‘സമൂഹത്തിൽ ഉന്നതപദവിയുള്ള സ്ത്രീയായതിനാൽ’ കവിതയ്ക്ക് പ്രത്യേകപരിഗണന നൽകാൻ കഴിയില്ലെന്ന ഡൽഹി ഹൈക്കോടതി നിരീക്ഷണത്തെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ജാമ്യം കിട്ടിയതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി കവിത തിഹാർ ജയിൽനിന്ന് മോചിതയായി. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസുകളിൽ എഎപി നേതാക്കളായ മനീഷ് സിസോദിയയ്ക്കും സഞ്ജയ് സിങ്ങിനും സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാളിന് ഇഡി കേസിലും സുപ്രീംകോടതി ജാമ്യം നൽകി. സിബിഐ കേസിൽ ജാമ്യം തേടിയുള്ള കെജ്രിവാളിന്റെ ഹർജി സുപ്രീംകോടതിയിലാണ്.