തൃശൂർ
കെപിസിസി സെക്രട്ടറിയായിരുന്ന സി എസ് ശ്രീനിവാസൻ മുഖ്യപ്രതിയായ ഹിവാൻ നിക്ഷേപത്തട്ടിപ്പ് കേസിൽ പരാതികളുമായി കൂടുതൽ നിക്ഷേപകർ രംഗത്ത്. പാലക്കാട് ജില്ലയിൽ 17 കേസുകൂടി രജിസ്റ്റർ ചെയ്തു. നേരത്തെ ആലത്തൂരിൽ നാലുകേസും തൃശൂരിൽ 18 കേസുമാണുള്ളത്. മൊത്തം 39 കേസായി. ആദ്യം 10 കോടിയുടെ തട്ടിപ്പെന്നായിരുന്നു കേസ്. ഇപ്പോൾ 20 കോടി കടന്നു. ഹിവാൻ നിധി ലിമിറ്റഡിന്റെ പാലക്കാട് അത്തിപ്പറ്റ ബ്രാഞ്ചിൽ പണം നിക്ഷേപിച്ച 17 പേരുടെ പരാതിയിൽ ആലത്തൂർ പൊലീസ് 17 കേസെടുത്തു. പാലക്കാട് പല്ലശ്ശന ബ്രാഞ്ചിൽ പണം നിക്ഷേപിച്ച രണ്ടുപേരും വടക്കഞ്ചേരി ബ്രാഞ്ചിൽ പണം നഷ്ടപ്പെട്ട രണ്ടു പേരും പരാതി നൽകി. ഇവർക്കു പുറമെ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. പലരും കോടതിയെ നേരിട്ട് സമീപിച്ചിരിക്കയാണ്. മലപ്പുറം ജില്ലയിലും പരാതികളുണ്ട്.
പൂങ്കുന്നം ഹിവാൻ നിധി ലിമിറ്റഡ് ഹിവാൻ ഫിനാൻസ് എന്നീ കമ്പനികളുടെ പേരിൽ നിക്ഷേപം സ്വീകരിച്ച്, തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. 62 ഓളം നിക്ഷേപകരിൽനിന്നും പണം സ്വീകരിച്ച് 9.85 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് 18 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. തൃശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചാണ് നിലവിൽ അന്വേഷിക്കുന്നത്. കമ്പനി മാനേജിങ് ഡയറക്ടർ സി എസ് ശ്രീനിവാസൻ, ചെയർമാൻ സുന്ദർമേനോൻ, ഡയറക്ടർ ബിജു മണികണ്ഠൻ എന്നിവർ റിമാൻഡിലാണ്. സി എസ് ശ്രീനിവാസന്റെ ഫോർഡ് ഫിഗോ കാർ, ഹ്യുണ്ടായ് ക്രെറ്റ, മഹീന്ദ്ര ബൊലേറോ എന്നിവ പൊലീസ് പിടിച്ചെടുത്തു. കമ്പനിയിൽ നിന്നും പിടിച്ചെടുത്ത മറ്റു രേഖകൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.