ന്യൂഡൽഹി> തമിഴ്നാട്ടിലും പുതുച്ചേരിയിലും സംഘടിപ്പിച്ച മഹാപഞ്ചായത്തുകളിൽ പങ്കെടുക്കാൻ പോയ കർഷക നേതാക്കളെ വിമാനത്തിൽ കയറുന്നതിൽ നിന്ന് തടഞ്ഞതായി ആരോപണം. സിഖുകാരുടെ മതചിഹ്നമായ കൃപാണുമായെത്തിയെന്നതായിരുന്നു ഇവർക്ക് യാത്ര നിരോധിക്കാനുള്ള കാരണം. ഭാരതി കിസാൻ യൂണിയൻ ഏകതാ സിദ്ധുപൂർ നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ, ബൽദേവ് സിങ് സിർസ, സുഖ്ദേവ് സിങ് ഭോജ്രാജ് എന്നിവരെയാണ് ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞത്.
ഉത്തരേന്ത്യയിൽ വളർന്നുവരുന്ന കർഷക പ്രസ്ഥാനത്തെ സർക്കാർ യഥാർഥത്തിൽ ഭയപ്പെടുന്നതിനാലാണ് യാത്ര നിഷേധിച്ചതെന്നും അതുകൊണ്ടാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ കൃപാണുകളെകുറിച്ച് എതിർപ്പ് ഉന്നയിച്ചതെന്നും നേതാക്കൾ പറഞ്ഞു.