ഭോപ്പാൽ> കുനോയിലെ കാട്ടിലേക്ക് ആഫ്രിക്കൻ ചീറ്റകളെ തുറന്ന് വിടുമെന്ന് ദി വയറിന്റെ റിപ്പോർട്ട്. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ചീറ്റകളെയും അവയുടെ കുഞ്ഞുങ്ങളെയുമാണ് കുനോയിലെ കാട്ടിലേക്ക് വിടാൻ തീരുമാനിച്ചിരിക്കുന്നത്. മധ്യ ഇന്ത്യയിൽ നിന്ന് മൺസൂൺ പിൻവാങ്ങിക്കഴിഞ്ഞാൽ ഘട്ടം ഘട്ടമായി ചീറ്റകളെ സ്വതന്ത്രമാക്കും. നിലവിൽ ഒരു ചീറ്റ മാത്രമാണ് കുനോയിൽ സ്വതന്ത്രമായി വിഹരിക്കുന്നത്.
എന്നാൽ നിലവിൽ കൂടുകളിലും നിയന്ത്രിത ചുറ്റുപാടുകളിലുമായി വേലികെട്ടി സംരക്ഷിച്ചിരിക്കുന്ന ചീറ്റകളെ കാട്ടിൽ തുറന്ന് വിട്ടാൽ അത് അവയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും വിദഗ്ദർ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി സ്വതന്ത്രവിഹാരത്തിന് അവസരമില്ലാതെ കഴിയുകയാണ് ഈ ചീറ്റകൾ. അതിനാൽ തന്നെ അവയ്ക്ക് സ്വഭാവിക പ്രതിരോധശേഷി വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ലയെന്നും വിദഗ്ദർ പറയുന്നു. പാരാസൈറ്റിക് ഇൻഫെക്ഷൻ നേരിടാൻ വേണ്ടി ആന്റി -പാരാസൈറ്റിക് മരുന്നുകൾ നൽകിയിട്ടുണ്ടെങ്കിലും അത് എത്രമാത്രം ഫലവത്താണെന്ന് പറയാൻ സാധ്യമല്ലയെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്ത് വംശനാശം സംഭവിച്ച ഒരു വിഭാഗമാണ് ചീറ്റ. 1950കളിൽ വംശനാശം സംഭവിച്ച ചീറ്റകൾക്ക് പകരം ചീറ്റകളുടെ ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ ചീറ്റകളെ സംരക്ഷിക്കാൻ തുടങ്ങിയത്. പ്രൊജക്റ്റ് ചീറ്റ പദ്ധതിയെന്നറിയപ്പെടുന്ന ഈ പദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിൽ നിന്നും ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ തീരുമാനമായി. പദ്ധതിയുടെ ഭാഗമായി മധ്യേന്ത്യയിൽ ചീറ്റകൾക്ക് അതിജീവിക്കാൻ അനുകൂല സാഹചര്യമുള്ള ഇടങ്ങളിൽ ആവാസ വ്യസസ്ഥ പുനസൃഷ്ടിച്ചു.
2022 സെപ്തംബറിൽ നമീബിയയിൽ നിന്നും ആദ്യ ബാച്ച് ചീറ്റകളെ പ്രോജക്റ്റ് ചീറ്റയുടെ ഭാഗമായി ഇന്ത്യയിലേയ്ക്ക് എത്തിച്ചു. എട്ടു ചീറ്റകളാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. പിന്നീട് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും 12 മുതിർന്ന ചീറ്റകളെ പദ്ധതിയുടെ ഭാഗമായികൊണ്ടുവന്നു. അതോടെ ഇന്ത്യയിൽ 20 ചീറ്റകളായി.
പിന്നീട് ഇവ രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. പിന്നീട് ഗാമിനി, ആഷ, ജ്വാല എന്നീ ചീറ്റപ്പുലികൾക്ക് 17 കുഞ്ഞുങ്ങളും പിറന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നിരവധി ചീറ്റകളാണ് ചത്തത്. നിലവിൽ 13 മുതിർന്ന ചീറ്റകളും 12 ചീറ്റ കുഞ്ഞുങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. സ്വാഭാവിക കാരണങ്ങളാണ് ചീറ്റകളുടെ മരണത്തിന് പിന്നിലെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദമെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു.