ധാക്ക
ഒരിടവേളയ്ക്കുശേഷം ബംഗ്ലാദേശിൽ വീണ്ടും സംഘർഷം. വിദ്യാർഥികളും അർധസൈനിക വിഭാഗമായ അൻസാർ ഗ്രൂപ്പ് അംഗങ്ങളും തമ്മില്‍ ധാക്കയിലെ സെക്രട്ടറിയറ്റിന് മുന്നിൽ ഞായർ രാത്രി ഏറ്റുമുട്ടി. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച വിദ്യാർഥി പ്രക്ഷോഭ നേതാക്കളിൽ പ്രധാനിയും ഇടക്കാല സർക്കാരിലെ ഉപദേശക കൗൺസിൽ അംഗവുമായ നഹിദ് ഇസ്ലാമിനെ അൻസാർ ഗ്രൂപ്പ് അംഗങ്ങൾ തടഞ്ഞുവച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു വിദ്യാർഥികളുടെ സെക്രട്ടറിയറ്റ് മാർച്ച്. അർധസൈനികർ ‘ഏകാധിപത്യത്തിന്റെ ഏജന്റുമാരാ’ണെന്ന് വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കി.
അതിനിടെ, ഇന്ത്യയിലുള്ള രണ്ട് മുതിർന്ന നയതന്ത്രജ്ഞരെ പിരിച്ചുവിട്ടതായി ബംഗ്ലാദേശ് ഇടക്കാല സർക്കാർ പ്രഖ്യാപിച്ചു. ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമീഷനിലെ പ്രസ് ഫസ്റ്റ് സെക്രട്ടറി ഷബാൻ മഹ്മൂദിനെയും കൊൽക്കത്ത കോൺസുലേറ്റിൽ ഇതേ ചുമതല വഹിക്കുന്ന രഞ്ജൻ സെന്നിനെയുമാണ് പുറത്താക്കിയത്.
5 ബംഗ്ലാദേശുകാർ
അറസ്റ്റിൽ
നിയമവിരുദ്ധമായി അതിർത്തികടന്ന് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശികളെ ത്രിപുരയിൽ നിന്ന് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന ലങ്കാമുര ടൗണിലേക്ക് ബംഗ്ലാദേശ് സ്വദേശികൾ കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ത്രിപുര പൊലീസും അതിർത്തിരക്ഷാ സേനയും നടത്തിയ അന്വേഷണത്തിലാണ് പടിഞ്ഞാറൻ അഗർത്തലയിൽ നിന്ന് ഞായറാഴ്ച ഇവർ പിടിയിലായത്.
മലപോലെ പ്രതിസന്ധികൾ
ബംഗ്ലാദേശിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്ന് ആവർത്തിച്ച് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേശകൻ മൊഹമ്മദ് യൂനുസ്. മലപോലെ ഭീമാകാരമായ പ്രതിസന്ധികളാണ് മുന്നിലുള്ളത്. ഉദ്ദേശിക്കുന്ന പരിഷ്-കാരങ്ങൾ നടപ്പാക്കുംവരെ കാത്തിരിക്കണം–- അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യ ഉപദേഷ്ടാവിന്റെ പ്രസംഗം നിരാശാജനകമാണെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി പ്രതികരിച്ചു.