ബെംഗളൂരു> ഇൻഷുറൻസ് ക്ലെയിം ലഭിക്കാനായി റോഡപകടമുണ്ടാക്കി അജ്ഞാതവ്യക്തിയെ കൊലപ്പെടുത്തിയ വ്യവസായിയും കൂട്ടാളിയും അറസ്റ്റിൽ. ഭാര്യയെ പൊലീസ് തിരയുന്നു. കർണാടക ഹൊസ്കോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ, ലോറിഡ്രൈവർ ദേവേന്ദ്ര നായക എന്നിവരാണ് അറസ്റ്റിലായത്. കേസിൽ മുനിസ്വാമി ഗൗഡയുടെ ഭാര്യ ശില്പറാണി ഒളിവിലാണ്.
ഓഗസ്റ്റ് 13നാണ് സുകുമാരക്കുറുപ്പ് സ്റ്റൈലിൽ കൊലനടത്തിയത്. മുനിസ്വാമി ഗൗഡയോട് സാദൃശ്യംതോന്നുന്ന ഭിക്ഷാടകനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഹാസനിൽ വെച്ചായിരുന്നു കൊലപാതകം.
മുനിഗൗഡയും ശില്പറാണിയും ഭിക്ഷാടകനുമായി സൗഹൃദത്തിലായ ശേഷം കാറിൽ ഒരുമിച്ച് യാത്രപോയി. യാത്രയ്ക്കിടെ ടയർ പഞ്ചറായെന്നുപറഞ്ഞ് മുനിഗൗഡ വാഹനം നിർത്തി. കൂടെയുണ്ടായിരുന്ന ഭിക്ഷാടകനോട് സഹായിക്കാൻ ആവശ്യപ്പെട്ടു. ഇയാൾ ടയർ മാറ്റാൻ തുടങ്ങിയപ്പോൾ മുനിഗൗഡ അതുവഴിവന്ന ദേവേന്ദ്ര നായക ഓടിച്ച ലോറിക്കടിയിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് കേസ്. റോഡപകടമെന്ന് തോന്നിക്കുന്നതിനായിരുന്നു ശ്രമം.
മുനിഗൗഡ തന്നെയാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടതെന്നാണ് എല്ലാവരും വിചാരിച്ചത്. സംശയത്തിനിടവരാത്ത രീതിയിൽ സംസ്കാരച്ചടങ്ങുകളും നടത്തി. ശില്പറാണി ഇതുസംബന്ധിച്ച് പോലീസിന് മൊഴിയും നൽകിയിരുന്നു. ഇതിനിടെ ശില്പറാണി ഇൻഷുറൻസ് തുക നേടിയെടുക്കാനുള്ള നടപടി ആരംഭിച്ചു.
തുടര്ന്ന് സംശയങ്ങൾ ഉണർന്നു. പിടിക്കപ്പെടുമോയെന്ന് സംശയം തോന്നിയതോടെ മുനിഗൗഡ തന്റെ ബന്ധുവായ സിദ്ദലഘട്ട പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീനിവാസിനെപ്പോയി കണ്ടു. ശ്രീനിവാസും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. സഹായിക്കുമെന്ന് പ്രതീക്ഷിച്ചാണ് ശ്രീനിവാസിനെ കണ്ടത്. ശ്രീനിവാസ് ഉടൻതന്നെ ഹാസൻ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മുനിഗൗഡ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ വിലാസം കണ്ടെത്തിയിട്ടില്ല.