ന്യൂഡൽഹി
കോൺഗ്രസ്–-നാഷണൽ കോൺഫറൻസ്(എൻസി) സ്ഥാനാർഥികൾക്കെതിരെ മത്സരിക്കില്ലെന്നും തങ്ങളുടെ നിർദ്ദേശങ്ങൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. സഖ്യ സ്ഥാനാർഥികൾക്കെതിരെ പിഡിപി മത്സരിക്കരുതെന്നും അവരുടെ പത്രികയും എൻസി പത്രികയും ഏറെക്കുറെ ഒന്നാണെന്നും എൻസി നേതാവും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയും പറഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് മെഹബൂബ വ്യക്തമാക്കി. സർക്കാരിൽ മാത്രമായിരുന്നു സഹകരണമെന്നും പാർടികൾ തമ്മിലുള്ള സഹകരണമായിരുന്നില്ല ഉണ്ടായിരുന്നതെന്നും അവർ പറഞ്ഞു.
ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിലെ ആറുപേരുടെ പേരുകൾ കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു. സഖ്യത്തിൽ കൂടുതൽ സീറ്റിൽ എൻസിയാകും മത്സരിക്കുക. ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർടി 13 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. ഒറ്റയ്ക്ക് മത്സരിക്കുന്ന എഎപി ഏഴ് സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ഒമർ അബ്ദുള്ള
ഗന്ദർബാലിൽ
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ഗന്ദർബാൽ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. എൻസി പ്രവിശ്യാ പ്രസിഡന്റ് നസീർ അസ്ലം വാനിയാണ് പ്രഖ്യാപനം നടത്തിയത്. 2009 മുതൽ 2015 വരെ ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്നു. ഗന്ദർബാൽ (2008–-2014), ബീർവ (2014––2019) നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2002ൽ ഗന്ദർബാലിൽ നിന്ന് പിഡിപിയുടെ ഖാസി മുഹമ്മദ് അഫ്സലിനോട് പരാജയപ്പെട്ടു. മൂന്ന് തവണ ലോക്സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു.