ചെങ്ങന്നൂർ
അബുദാബിയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ അബുദാബി ശക്തി തിയറ്റേഴ്സ് ഏർപ്പെടുത്തിയ 38––ാമത് അബുദാബി ശക്തി അവാർഡുകൾ സമ്മാനിച്ചു.
ചെങ്ങന്നൂർ ഐച്ച്ആർഡി എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. അവാർഡ് കമ്മിറ്റി ചെയർമാൻ പി കരുണാകരൻ അധ്യക്ഷനായി. കൺവീനർ എ കെ മൂസ ആമുഖപ്രഭാഷണം നടത്തി. മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായി. അവാർഡ് കമ്മിറ്റിയംഗം കവി എൻ പ്രഭാവർമ അവാർഡ് കൃതികൾ പരിചയപ്പെടുത്തി.
സമഗ്ര സംഭാവനയ്ക്കുള്ള ശക്തി ടി കെ രാമകൃഷ്ണൻ പുരസ്കാരം ഷാജി എൻ കരുൺ ഏറ്റുവാങ്ങി. പി പി ബാലചന്ദ്രൻ (ശക്തി എരുമേലി പുരസ്കാരം), എം കെ ഹരികുമാർ, ആർ വി എം ദിവാകരൻ (ശക്തി തായാട്ട് അവാർഡ്), മീനമ്പലം സന്തോഷ്, പ്രൊഫ. വി കാർത്തികേയൻനായർ (വിജ്ഞാനസാഹിത്യം), ദിവാകരൻ വിഷ്ണുമംഗലം, ഡോ. രതീഷ് കാളിയാടൻ (ബാലസാഹിത്യം), ഗ്രേസി, മഞ്ജു വൈഖരി (കഥ), ശ്രീകാന്ത് താമരശേരിൽ (കവിത), ജാനമ്മ കുഞ്ഞുണ്ണി (നോവൽ), കാളിദാസ് പുതുമന, ഗിരീഷ് കളത്തിൽ (നാടകം), പി പി അബൂബക്കർ, സിയാർ പ്രസാദ് (പ്രത്യേക പുരസ്കാരം) എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.
വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എൻ വി മോഹനന്റെ നേതൃത്വത്തിൽ ശക്തി തിയറ്റേഴ്സ് പ്രവർത്തകർ സമാഹരിച്ച ആദ്യഗഡു 10 ലക്ഷം രൂപ മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങി.