ന്യൂഡൽഹി
മണിപ്പുരിൽ കുക്കികൾക്കെതിരായി പ്രകോപനപരമായ പരാമർശങ്ങളുള്ള ഓഡിയോ ടേപ്പ് മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റേതാണെന്ന് സ്ഥിരീകരിക്കുംവിധം ഫെയ്സ്ബുക്ക് കുറിപ്പുമായി ബിജെപി എംപി എൽ സനജാവോബയും മുഖ്യമന്ത്രിയുടെ സഹോദരൻ രാജേന്ദ്രോ നോങ്തിങ്ബാമും രംഗത്ത്. ടേപ്പ് പുറത്തുവിട്ടത് കൂട്ടത്തിലുള്ള വഞ്ചകനാണെന്നും കൈകാര്യം ചെയ്യണമെന്നും രാജ്യസഭാംഗവും ആരംബായ് തെങ്കൊൽ എന്ന തീവ്രമെയ്ത്തീ സംഘടനയുടെ സ്ഥാപകനുമായ സനജാവോബ കുറിച്ചു. മെയ്ത്തി വഞ്ചകനെ കണ്ടെത്തേണ്ടതുണ്ടെന്ന് രാജേന്ദ്രോയും ഫെയ്സ്ബുക്കിൽ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പേരിൽ പ്രചരിക്കുന്നത് കൃത്രിമ ഓഡിയോ ആണെന്ന് സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് നേതാക്കളുടെ കടക വിരുദ്ധമായ പ്രതികരണം.
ബിജെപി പ്രവർത്തകരായ മെയ്ത്തികളുടെ യോഗത്തിലാണ് ബിരേൻ സിങ് കുക്കികൾക്കെതിരായി പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്. ഇത് റെക്കോർഡ് ചെയ്തയാൾ ഒരു മാധ്യമസ്ഥാപനത്തിന് ടേപ്പ് കൈമാറി. മണിപ്പുർ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന കമീഷനും പകർപ്പ് നൽകി.
നിങ്ങൾ ബോംബ് എറിയുന്നുണ്ടോയെന്ന് അമിത് ഷാ തന്നോട്ട് ചോദിച്ചിരുന്നെന്ന് ബിരേൻ സിങ് ഈ ഓഡിയോയിൽ പറയുന്നുണ്ട്. അദ്ദേഹം മടങ്ങിയശേഷം ബോംബ് പ്രയോഗവും മറ്റുമെല്ലാം ശ്രദ്ധിച്ചുമാത്രം മതിയെന്ന് വളണ്ടിയർമാർക്ക് താൻ നിർദേശം നൽകി. നാലായിരം–- അയ്യായിരം തോക്കുകൾ തട്ടിയെടുത്തു. എന്നാൽ ആരും അറസ്റ്റിലായില്ല. തന്നെ അറസ്റ്റു ചെയ്തതിന് ശേഷമേ മറ്റാരെയെങ്കിലും തൊടാൻ അനുവദിക്കൂ–- ബിരേൻ സിങ് ടേപ്പിൽ പറഞ്ഞു.