കോട്ടയം
കേരളത്തിന്റെ ആരോഗ്യമേഖല പുതിയകാല വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള മാർഗനിർദേശങ്ങളും പഠനങ്ങളുമായി കേരള പഠന കോൺഗ്രസിന്റെ മുന്നോടിയായുള്ള ദ്വിദിന ആരോഗ്യ സെമിനാറിന് കോട്ടയത്ത് തുടക്കം. ഡോക്ടർമാരും ആരോഗ്യമേഖലയിലെ വിദഗ്ധരും വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു.
കോട്ടയം ടി കെ സ്മാരക സാംസ്കാരിക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സെമിനാർ ശാരീരിക–-മാനസിക ആരോഗ്യരംഗത്തെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ആയുഷ്, ജീവിതശൈലീരോഗങ്ങൾ, പാലിയേറ്റീവ് കെയർ, ആരോഗ്യവും ഔഷധമേഖലയും, ആരോഗ്യ സാമ്പത്തികശാസ്ത്രം, ആരോഗ്യ ഇൻഷുറൻസ്, ഡിജിറ്റൽ ഹെൽത്ത്, തദ്ദേശസ്ഥാപനങ്ങളും ആരോഗ്യമേഖലയും, ദന്താരോഗ്യം, ആരോഗ്യനിയമങ്ങൾ, ആരോഗ്യനയങ്ങൾ: ആസൂത്രണവും ഭരണപ്രക്രിയയും, കോവിഡാനന്തര പ്രശ്നങ്ങൾ, പുത്തൻ ഗവേഷണ സാധ്യതകൾ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ആരോഗ്യസംരക്ഷണം, ആരോഗ്യ സർവകലാശാലയും വിദ്യാഭ്യാസവും, ജനസംഖ്യ വ്യതിയാനവും മുതിർന്ന പൗരന്മാരുടെ ആരോഗ്യവും തുടങ്ങിയ വിഷയങ്ങളാണ് ചർച്ചചെയ്തത്.
ചർച്ച തിങ്കളാഴ്ചയും തുടരും. ഇവ ക്രോഡീകരിച്ച് കേരള പഠനകോൺഗ്രസിൽ ചർച്ച നടത്തും. സെമിനാർ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. ഇഎംഎസ് പഠനകേന്ദ്രം ഡയറക്ടർ ഡോ. തോമസ് ഐസക് സ്വാഗതം പറഞ്ഞു.