ബംഗളൂരു> ലൈംഗികാതിക്രമക്കേസിൽ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്കും പിതാവ് എച്ച് ഡി രേവണ്ണ എംഎൽഎയ്ക്കും എതിരെ 2144 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇരുവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ 137 സാക്ഷികളുടെ മൊഴികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രജ്വൽ 56 സ്ത്രീകളെ പീഡിപ്പിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. പീഡിപ്പിച്ചവരിൽ നാലുപേരാണ് രേഖാമൂലം പരാതി നൽകിയത്. രണ്ട് വീട്ടുജോലിക്കാരും ദൾ വനിതാ നേതാവും ഒരു വീട്ടമ്മയുമാണ് പ്രജ്വലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ഇതുപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. വീഡിയോ ഫൊറൻസിക് പരിശോധനയിൽ യഥാർഥമാണെന്നു സ്ഥിരീകരിച്ചു.
വീഡിയോകൾ പരസ്യമായി പ്രചരിച്ചതിന് തൊട്ടുപിന്നാലെ പ്രജ്വൽ ഇന്ത്യ വിട്ടിരുന്നുവെങ്കിലും മേയ് 31ന് അറസ്റ്റിലായി പ്രജ്വൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ഹാസനിൽ നിന്ന് എംപിയായി മത്സരിച്ചെങ്കിലും നിലവിലെ കോൺഗ്രസ് എംപി ശ്രേയസ് പട്ടേലിനോട് പരാജയപ്പെട്ടിരുന്നു പ്രജ്വൽ.