കൊച്ചി > ജാർഖണ്ഡിൽ 2019ൽ തെരഞ്ഞെടുപ്പുഡ്യൂട്ടിക്കിടെ സഹപ്രവർത്തകന്റെ വെടിയേറ്റു മരിച്ച സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റിന് അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ നൽകുന്ന നിവേദനം പരിഗണിക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നിർദേശം.
ആലുവ സ്വദേശിയായ വിമുക്തഭടൻ എം ബാലന്റെ ഹർജിയിൽ മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് ബസന്ത് ബാലാജി ഉത്തരവിട്ടത്. ബാലന്റെ മകൻ കടുങ്ങല്ലൂർ സ്വദേശി ഷാഹുൽ ഹർഷനാണ് (28) കൊല്ലപ്പെട്ടത്. വീരമൃത്യുവരിച്ച സൈന്യത്തിലുള്ളവരെയും അർധസൈന്യവിഭാഗത്തിലുള്ളവരെയും ഒരേപോലെ പരിഗണിക്കണമെന്നും ഇവർ ദൗത്യത്തിനിടെ മരിച്ചതായി പരിഗണിച്ച് ഒരേ ആനുകൂല്യങ്ങൾ നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് നിവേദനം കേന്ദ്രസർക്കാർ പരിഗണിക്കണമെന്നും സിആർപിഎഫ് ഡയറക്ടർ ജനറലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ ഉത്തരവിടാനും കോടതി നിർദേശിച്ചത്.