പത്തനംതിട്ട > ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ശേഷം നടക്കുന്ന വെളിപ്പെടുത്തലിലും അല്ലാതെയും തെറ്റ് ചെയ്തവരെ സർക്കാർ സംരക്ഷിക്കില്ലെന്ന് മന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതി കൊടുക്കാൻ സഹായം ആവശ്യമാണെങ്കിൽ അതും വനിതാ ശിശുവികസന വകുപ്പ് നൽകും.
പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെയാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ടിൻമേൽ കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ അത് സ്വീകരിച്ച് തന്നെ സർക്കാർ മുന്നോട്ടുപോകും. പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് പൂർണ പിന്തുണ സർക്കാർ നൽകും. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.
കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം: എം മുകേഷ്
കലാരംഗത്തുള്ള സ്ത്രീകളെ ആരെങ്കിലും ദ്രോഹിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ടതാണെന്ന് നടനും എംഎൽഎയുമായ എം മുകേഷ്. കലാകുടുംബത്തിൽനിന്ന് വന്നയാളാണ് താൻ. തന്റെ സഹോദരിമാരും കലാകാരികളാണ് എന്നും മുകേഷ് പറഞ്ഞു. പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. സിനിമയിൽ പവർ ഗ്രൂപ്പ് വന്നാൽ സിനിമ നിലനിൽക്കില്ല. തനിക്കു പറ്റിയ റോളുകൾ തന്നെത്തേടി വരികയാണുണ്ടായത്. കഴിവിന്റെ അടിസ്ഥാനത്തിലാണത്. രഞ്ജിത്തിന്റെ വിഷയം ബന്ധപ്പെട്ടവർ പരിശോധിക്കട്ടെ.
പരാതിയുമായി ആരും തന്റെ മുന്നിൽ അടുത്ത കാലത്ത് വന്നിട്ടില്ല. അമ്മയിലെ ഒരു അംഗം മാത്രമാണ് താൻ. കേസ് എടുത്തുകഴിഞ്ഞ് പരാതി ഇല്ലെന്നു പറഞ്ഞാൽ പിന്നെ എന്തുചെയ്യും. പുറത്തുവന്ന കാര്യങ്ങളിൽ സർക്കാർ ഇടപെടുമെന്നാണ് കരുതുന്നതെന്നും മുകേഷ് പറഞ്ഞു.