ചെന്നൈ > സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് തമിഴ്നാട്ടിൽ നിന്നുള്ള 11 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. മത്സ്യ തൊഴിലാളികളെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ വേണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ പിടികൂടിയ സംഭവത്തിൽ കടുത്ത ആശങ്കയോടെയാണ് ഞാൻ നിങ്ങൾക്ക് കത്തെഴുതുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് അയച്ച കത്തിൽ സ്റ്റാലിൻ പറഞ്ഞു. നാഗപട്ടണം ജില്ലയിലെ കൊടിയകരൈക്ക് തെക്ക് കിഴക്ക് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ പിടിയിലായതെന്ന് അദ്ദേഹം പറഞ്ഞു.
ഈ വർഷം മാത്രം 324 മത്സ്യത്തൊഴിലാളികളെയും 44 ബോട്ടുകളെയും ശ്രീലങ്കൻ നാവികസേന പിടികൂടിയിട്ടുണ്ട്. ആവർത്തിച്ചുള്ള അറസ്റ്റുകൾ കാരണം തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളി സമൂഹം വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നും ഇത് ഉപജീവന മാർഗത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും സ്റ്റാലിൻ കത്തിലൂടെ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ശ്രീലങ്കയിൽ നിന്നുള്ള അജ്ഞാതർ കടലിൽ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ പ്രശ്നം ഉടൻ പരിഹരിക്കേണ്ടതുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.