ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ, തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്കാരുങ്ങി സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും. യോജിച്ച പ്രക്ഷോഭത്തിനൊപ്പം അടിത്തട്ടിലെ ഐക്യം കൂടുതൽ ശക്തിപ്പെടുത്താനും എസ്കെഎമ്മിന്റെയും ട്രേഡ് യൂണിയനുകളുടെയും സംയുക്ത യോഗം തീരുമാനിച്ചു. രണ്ടാം മോദി സര്ക്കാര് വിനാശകരമായ മൂന്ന് ലേബർ കോഡുകൾ കൊണ്ടുവന്നതിന്റെ വാര്ഷികമായ സെപ്തംബർ 23ന് ട്രേഡ് യൂണിയനുകളുടെ കരിദിനാചരണത്തിന് എസ്കെഎം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സംഘടനകളുടെ സംയുക്തയോഗം ഒക്ടോബറിൽ ചേരും. നവംബർ 26 അഖിലേന്ത്യ പ്രക്ഷോഭ ദിനമായി ആചരിക്കും. സംസ്ഥാനങ്ങളിലെ സമരരീതികൾ പിന്നീട് പ്രഖ്യാപിക്കും. സ്മാർട്ട് മീറ്ററുകൾ ബലമായി സ്ഥാപിക്കുന്നതിനെതിരായ സമരം ശക്തിപ്പെടുത്തും. കൃഷി,ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ആവർത്തിച്ചു. ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഗസ്ത് 28ന് നടത്തുന്ന സമരത്തെ പിന്തുണയ്ക്കും. സ്ത്രീകൾക്കെതിരായ ഹീനമായ അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച യോഗം നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കി.