ന്യൂഡൽഹി
ഉന്നത ഉദ്യോഗസ്ഥരെ പിൻവാതിലിലൂടെ നിയമിക്കാനുള്ള ലാറ്ററൽ എൻട്രി പിൻവലിച്ചതിനു പിന്നാലെ വഖഫ് ഭേദഗതി ബില്ലിലും ബിജെപി ഒറ്റപ്പെടുന്നു. പ്രധാന ഘടകകക്ഷിയായ ജെഡിയുവും ടിഡിപിയും എതിർപ്പുകൾ ഉന്നയിച്ചു. എൽജെപി രാംവിലാസ് വിഭാഗവും ഇടഞ്ഞു. പ്രതിപക്ഷം ശക്തമായ പ്രതിരോധം ഉയർത്തുന്നതിനിടെയാണ് എൻഡിഎയിലും വിള്ളൽ.
നിർദേശിച്ച 45 ഭേദഗതികളിൽ നാൽപ്പതിലും സഖ്യകക്ഷികൾക്ക് എതിർപ്പുണ്ട്. ടിഡിപിയിലെ മുസ്ലിം നേതാക്കൾ പാർടി നേതൃത്വത്തോട് ശക്തമായ വിയോജിപ്പ് അറിയിച്ചു. ബിൽ അവതരിപ്പിക്കും മുമ്പ് സർക്കാർ കൂടിയാലോചിച്ചില്ലെന്ന് ടിഡിപി ലോക്സഭ കക്ഷിനേതാവും വഖഫ് ബിൽ പരിശോധിക്കുന്ന ജെപിസിയിൽ അംഗവുമായ ലവു ശ്രീകൃഷ്ണ ദേവരായലു പ്രതികരിച്ചു. അവതരണത്തിന്റെ അന്ന് മാത്രമാണ് പകർപ്പ് ലഭിച്ചത്. വിഷയം പഠിച്ച് പാർടിയിലും പിന്നീട് ജെപിസിയിലും അവതരിപ്പിക്കും. മുസ്ലിം വിഭാഗത്തിന്റെ കാഴ്ചപ്പാടിന് പ്രാമുഖ്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ ജനസംഖ്യയുടെ 20 ശതമാനത്തോളം മുസ്ലിങ്ങളാണ്. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നീക്കം വൻ തിരിച്ചടി ഉണ്ടാക്കുമെന്ന് ജെഡിയുവിന് ഭീതിയുണ്ട്. ജെഡിയു കേന്ദ്രമന്ത്രിയായ ലലൻ സിങ് ബില്ലിനെ ലോക്സഭയിൽ അനുകൂലിച്ചതിനെ നേതൃത്വം തള്ളിയിരുന്നു. സംസ്ഥാന ന്യൂനപക്ഷ മന്ത്രി മുഹമ്മദ് സമ ഖാൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്ട് അതൃപ്തിയറിയിച്ചു. ബില്ലിൽ പാർടി മാറ്റങ്ങൾ ആവശ്യപ്പെടുമെന്നാണ് വിവരം. ബിൽ അവതരിപ്പിക്കുംമുമ്പ് ജെപിസിക്ക് വിടണമെന്ന് എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടിരുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ ബില്ലുമായി മുന്നോട്ടുപോകാനാകില്ല.